2024-ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ സൗദി അറേബ്യയിൽ ആരംഭിച്ചു. ഇതിനായി ഹജ്ജ് സേവനങ്ങൾ നൽകാൻ താൽപര്യമുള്ള വിദേശ കമ്പനികളിൽ നിന്നും മന്ത്രാലയം അപേക്ഷ സ്വീകരിച്ചുതുടങ്ങി. മാർച്ച് ഒന്ന് മുതൽ ഹജ്ജ് വിസ അനുവദിച്ചു തുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘം മെയ് 9-നാണ് സൗദിയിലെത്തുക.
വരുന്ന സീസണിൽ ഹജ്ജ് തീർത്ഥാടകർക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി ലൈസൻസുള്ള സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിനാണ് വിദേശ കമ്പനികളിൽ നിന്നും മന്ത്രാലയം അപേക്ഷ സ്വീകരിക്കുന്നത്. ഡിസംബർ അഞ്ച് വരെ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാൻ കമ്പനികൾക്ക് അവസരമുണ്ട്. വിദേശ തീർത്ഥാടകർക്ക് ലഭിക്കുന്ന സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെയും കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമാണിത്.
തീർത്ഥാടകരുടെ താമസം, ഗതാഗതം ഉൾപ്പെടെയുള്ള സേവനങ്ങൾ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് നൽകാൻ സാധിക്കും. ഹജ്ജ് കരാറുകൾ ഒപ്പിടുന്നതിനനുസരിച്ച് വിവിധ രാജ്യങ്ങൾക്കുള്ള സ്ഥലങ്ങൾ നിശ്ചയിക്കുമെന്നും നേരത്തെ കരാറിലെത്തുന്ന രാജ്യത്തിന് പുണ്യസ്ഥലങ്ങളിൽ ഉചിതമായ സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നതിൽ മുൻഗണന നൽകുമെന്നും സൗദി ഹജ്ജ് മന്ത്രി തൗഫീഖ് അൽ റബീഅ അറിയിച്ചു.