മറ്റുള്ളവരുടെ വേദനയിൽ പങ്കുചേരുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുക എന്നത് വലിയ കാര്യമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും സ്വന്തം ജീവിതം മുഴുവൻ അവരെ ആശ്വസിപ്പിക്കാനായി മറ്റിവെയ്ക്കുകയും ചെയ്ത താല അൽ ഖലീൽ എന്ന ഇറാഖി ഫാർമസിസ്റ്റാണ് ഇന്നത്തെ താരം. ക്യാൻസറും ഡൗൺ സിൻഡ്രോമും ബാധിച്ച 200 കുട്ടികളെ പരിചരിക്കുന്ന താലയ്ക്ക് ഈ വർഷത്തെ ഹോപ്പ് മേക്കർ അവാർഡാണ് ലഭിച്ചിരിക്കുന്നത്.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് താലയ്ക്ക് 1 മില്യൺ ദിർഹത്തിന്റെ ഹോപ്പ് മേക്കർ പുരസ്കാരം സമ്മാനിച്ചത്. 2015ൽ ബസ്ര ചിൽഡ്രൻസ് ഹോസ്പിറ്റലിൽ കാൻസർ രോഗികളെ പരിചരിച്ചുകൊണ്ടാണ് താല സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകാൻ തുടങ്ങിയത്. പിന്നീടിങ്ങോട്ട് നിരവധി രോഗികൾക്ക് താല ആശ്വാസമായി. താല അൽ ഖലീലിന് പുറമെ സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്ന മൂന്ന് പേരെയും രാജ്യം ആദരിച്ചു. അവർക്ക് 1 ദശലക്ഷം ദിർഹം വീതമാണ് സമ്മാനമായി നൽകിയത്.
മറ്റുള്ളവരുടെ ജീവിതത്തിൽ പ്രത്യാശ നല്കാനുള്ള ശ്രമങ്ങൾ ഏറ്റവും മഹത്തരമാണെന്നും വരും തലമുറയും ഇത്തരം സാമൂഹിത നന്മകളിലും സഹജീവികളെ സ്നേഹിക്കുന്നതിലും ഏർപ്പെടണമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. മനുഷ്യ സ്നേഹികളെ അംഗീകരിക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്ന യുഎഇയുടെ പാരമ്പര്യം ലോകം മാതൃകയാക്കണമെന്നാണ് സാമൂഹ്യമാധ്യമങ്ങൾ അഭിപ്രായപ്പെടുന്നത്.