ദുബായ് ആസ്ഥാനമായുള്ള പാർക്കിങ് സ്പേസ് ഓപ്പറേറ്റർ കമ്പനിയായ പാർക്കിൻ ഓഹരി വിപണിയിലേയ്ക്ക് ചുവടുവയ്ക്കുന്നു എന്ന വാർത്ത നിക്ഷേപകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്ന് കമ്പനി ഐപിഒ വില നിശ്ചയിച്ചിരിക്കുകയാണ്. ഓഹരി ഒന്നിന് 2 ദിർഹം മുതൽ 2.10 ദിർഹം വരെയാണ് വില തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് ആരംഭിച്ച ഐപിഒ വഴി 1.57 ബില്യൺ ദിർഹം സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. ഐപിഒയുടെ സബ്‌സ്‌ക്രിപ്‌ഷൻ റീട്ടെയിൽ നിക്ഷേപകർക്ക് മാർച്ച് 12-നും സ്ഥാപന നിക്ഷേപകർക്ക് 13നും അവസാനിക്കും. മാർച്ച് 21-ന് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ഓഹരികൾ ലിസ്റ്റ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഫെബ്രുവരി 27-നാണ് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ 24.99 ശതമാനം ഓഹരികൾ വില്ക്കുന്നതായി പാർക്കിൻ പ്രഖ്യാപിച്ചത്. 2024ൽ ദുബായിൽ ഐപിഒ ആരംഭിക്കുന്ന ആദ്യ കമ്പനിയാണ് പാർക്കിങ് സ്പേസ് ഓപ്പറേറ്റർ. അഞ്ച് ശതമാനം ഓഹരികൾ എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റിക്കും അഞ്ച് ശതമാനം പ്രാദേശിക സൈനിക ഉദ്യോഗസ്ഥരുടെ പെൻഷൻ ആൻ്റ് സോഷ്യൽ സെക്യൂരിറ്റി ഫണ്ടിനുമായി സംവരണം ചെയ്യും. റീട്ടെയിൽ നിക്ഷേപകർക്കായി 10 ശതമാനം ഓഹരിയാണ് വിൽക്കുക.
ദുബായിലെ ഓൺ-സ്ട്രീറ്റ് പെയ്‌ഡ് പാർക്കിങ് സ്ഥലങ്ങളിൽ 90 ശതമാനത്തിലധികവും നിലവിൽ പാർക്കിന് കീഴിലാണ്. കൂടാതെ എല്ലാ പൊതു ഓൺ-സ്ട്രീറ്റ് പാർക്കിങ്ങും ഓഫ്-സ്ട്രീറ്റ് പാർക്കിങ്ങും പ്രവർത്തിപ്പിക്കാനുള്ള പ്രത്യേക അവകാശവും കമ്പനിക്കുണ്ട്. കഴിഞ്ഞ വർഷം 779.4 ദശലക്ഷം ദിർഹമായിരുന്നു പാർക്കിന്റെ വരുമാനം.