മത്രയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വെള്ളം കയറുന്നത് തടയാനുമായി പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങി മസ്കത്ത് മുനിസിപ്പാലിറ്റി. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുക, ഗതാഗതകുരുക്ക് ലഘൂകരിക്കുക, പ്രാദേശിക വാണിജ്യം ഊർജ്ജസ്വലമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മത്രയിൽ വെള്ളപ്പൊക്ക അപകടസാധ്യത കുറക്കുന്നതിനായി ഒരുക്കുന്ന സംവിധാനത്തിനായി ബിഡ് ക്ഷണിക്കുകയും ചെയ്തു.
ചരിത്രപ്രസിദ്ധമായ മത്ര സൂഖിന്റെ മെച്ചപ്പെടുത്തലുകളും പുതിയ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ഇതിനായി വെള്ളപ്പൊക്ക സംരക്ഷണ സംവിധാനത്തിനായുള്ള സാധ്യതാ പഠനങ്ങൾ, വിശദമായ രൂപകൽപന, പ്രോജക്ട് മേൽനോട്ടം എന്നിവക്കായി കൺസൽട്ടിങ് സേവനങ്ങൾ ചെയ്യാൻ താൽപര്യമുള്ള കക്ഷികളെ മസ്കത്ത് മുനിസിപ്പാലിറ്റി ക്ഷണിച്ചിട്ടുണ്ട്. വാദിയിലെ വെള്ളപ്പൊക്ക സാധ്യത നിയന്ത്രിക്കുന്നതിനും അധികജലം കടലിലേക്ക് ഒഴുക്കുന്നതിനുമായി മത്ര സൂഖിന് ചുറ്റും സംരക്ഷണ അണക്കെട്ടുകൾ നിർമിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അതേസമയം മത്രയിലെ വികസനപദ്ധതികൾ വ്യാപാരികൾ സ്വാഗതം ചെയ്തു. പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ മത്രയിലെ വെള്ളപ്പൊക്കം വ്യാപാരികളെ എപ്പോഴും ഭയപ്പെടുത്തുന്നതും ആവർക്ക് നഷ്ടമുണ്ടാക്കുന്നതുമാണ്. ഓരോ മഴയിലും വെള്ളം കയറുമ്പോൾ മലയാളികൾ അടക്കമുള്ള കടക്കാർക്ക് കനത്ത നഷ്ടങ്ങളാണ് നേരിടേണ്ടി വരുന്നത്. പുതിയ വികസന പദ്ധതികൾ നടപ്പിലാക്കുന്നതോടെ ഇതിന് ഒരു പരിധി വരെ അറുതിയാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.