മസ്കത്ത് ഡ്യൂട്ടി ഫ്രീ ‘ക്യാഷ് റാഫിൽ’ നറുക്കെടുപ്പിൽ വിജയിയായി മലയാളി. കോട്ടയം സ്വദേശി മനോജ് മാത്യു ജോൺ ആണ് നറുക്കെടുപ്പിൽ വിജയിയായത്. ഒരുലക്ഷം യു.എസ് ഡോളർ (83.12 ലക്ഷം രൂപ)യാണ് മനോജിന് സമ്മാത്തുകയായി ലഭിക്കുക. 2002 മുതൽ സാൻഡ് റോസ് ട്രേഡിങ്ങിൽ മാനേജരായി ജോലി ചെയ്തുവരികയാണ് മനോജ്. സുഹൃത്തിന്റെ മകന്റെ വിവാഹത്തിനായി മസ്കത്ത് എയർപോർട്ട് വഴി യാത്ര ചെയ്യുമ്പോഴായിരുന്നു സമ്മാനർഹമായ ടിക്കറ്റ് വാങ്ങിയത്.
കഴിഞ്ഞ 21 വർഷമായി മസ്കറ്റ് ഡ്യൂട്ടി ഫ്രീ റാഫിൽ നറുക്കെടുപ്പ് നടത്തിവരുകയാണ്. ഇത്തവണയും വിജയി ഒരു പ്രവാസി മലയാളിയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ട് ലോഞ്ചിൽ സർക്കാർ പ്രതിനിധികളുടെയും മസ്കറ്റ് ഡ്യൂട്ടി ഫ്രീ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്.
മസ്കറ്റ് ഡ്യൂട്ടി ഫ്രീയുടെ ഹെഡ് ഓഫിസിൽ വച്ച് നടന്ന സമ്മാനദാനചടങ്ങിൽ സി.ഇ.ഒ റിനാറ്റ് വിജയിക്കുള്ള സമ്മാനത്തുക കൈമാറി. ചടങ്ങിൽ മസ്കറ്റ് ഡ്യൂട്ടി ഫ്രീ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. അതേസമയം ‘ക്യാഷ് റാഫിൽ’ നറുക്കെടുപ്പിൽ സ്ഥിരമായി മലയാളികൾക്ക് ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മസ്കറ്റ് ഡ്യൂട്ടി ഫ്രീ പ്രതിനിധി ജയശങ്കർ പറഞ്ഞു. ലോകോത്തര നിലവാരമുള്ള എല്ലാവിധ സാധനങ്ങളും മസ്കറ്റ് ഡ്യൂട്ടി ഫ്രീയിൽ ഉണ്ടെന്നും അധികൃതർ പറഞ്ഞു. റാഫിൽ കൂപ്പൺ മസ്കറ്റ് ഡ്യൂട്ടി ഫ്രീ ഷോപ്പിലുടെയും ഡ്യൂട്ടി ഫ്രീ വെബ്സൈറ്റ് വഴി ഓൺലൈനായും വാങ്ങാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.