ഫുജൈറയിലും ഷാർജയിലെ കൽബയിലും എണ്ണ ചോർച്ചയെ തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന ബീച്ചുകൾ വീണ്ടും തുറന്നു. ബീച്ചുകൾ വൃത്തിയാക്കിയ ശേഷമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നല്‍കിയതെന്ന് ഇരു എമിറേറ്റുകളിലേയും അധികൃതര്‍ അറിയിച്ചു.
ബീച്ചുകളെ ബാധിക്കുന്ന തരത്തില്‍ എണ്ണചോര്‍ച്ചയുണ്ടെന്ന് മത്സ്യത്തൊഴിലാളികളാണ് ഫൂജൈറയിലെ അധികൃതരെ അറിയിച്ചത്. പിന്നീട് ഇരു എമിറേറ്റിലേയും അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് സന്ദര്‍ശകരെ ഒഴിവാക്കി ഇരു ബീച്ചുകളും അടച്ചിടുകയായിരുന്നു. സന്ദർശകർ നീന്തുന്നത് തടയാൻ കൽബ മുനിസിപ്പാലിറ്റി പ്രദേശത്തെ ബീച്ചുകളിൽ ചെങ്കൊടിയും ഉയർത്തി.
ടാങ്കറുകളിൽ നിന്നൊ കപ്പലുകളില്‍ നിന്നൊ ചോര്‍ന്ന എണ്ണയാണ് തീരത്തേക്ക് പടര്‍ന്നത്. ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച എണ്ണ ഉൽപന്നങ്ങളായ ഗ്യാസോലിൻ, ഡീസൽ, തുടങ്ങി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മിശ്രതം കടലില്‍ പടര്‍ന്നതായി കണ്ടെത്തിയെന്നും അധികൃതര്‍ സൂചിപ്പിച്ചു.
ഇത്തരം എണ്ണ ചോർച്ച പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നും പ്രശ്നങ്ങൾ ഒഴിവാക്കാനുളള ജാഗ്രത തുടരുമെന്നും അധികൃതര്‍ സൂചിപ്പിച്ചു. ചോർച്ചയ്ക്ക് കാരണമാകുന്ന കപ്പലുകൾക്കെതിരേ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.