റോഡ് സുരക്ഷാ ക്രമീകരണങ്ങൾ നവീകരിച്ചതിന്റെ ഭാഗമായി സൗദിയിൽ വാഹനാപകടങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ 8 വർഷത്തിനിടെ വാഹനാപകടങ്ങൾ പകുതിയായി കുറഞ്ഞതായാണ് വിവരം.
റിയാദിൽ സപ്ലെ ചെയിൻ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ ഡെപ്യൂട്ടി ഗതാഗത മന്ത്രി എഞ്ചിനീയർ ബദർ അൽ ദലാമിയാണ് കണക്കുകൾ വെളിപ്പെടുത്തിയത്. സൗദിയിൽ 8 വർഷത്തിനിടെ വാഹനാപകടങ്ങൾ 50 ശതമാനമായാണ് കുറഞ്ഞത്. സുരക്ഷിതവും നിലവാരമുള്ളതുമായ റോഡ് സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ചതിന്റെ ഭാഗമായാണ് ഈ നേട്ടമെന്ന് അധികൃതർ വ്യക്തമാക്കി.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ നവീകരണ മാർഗങ്ങളുമായി മുന്നോട്ട് പോകുമെന്നും പരിശോധനകൾ കർശനമായി തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.