60 വയസ് കഴിഞ്ഞവർക്ക് വിസ പുതുക്കലിനുള്ള നിയന്ത്രണം കുവൈത്ത് പിൻവലിച്ചു. യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത 60 വയസ് കഴിഞ്ഞ വിദേശികൾക്ക് 2021 ജനുവരി ഒന്ന് മുതൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) പിൻവലിച്ചത്.
ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഇതോടെ 2021 ജനുവരിക്ക് മുൻപുള്ള സ്ഥിതി നിലവിൽ വന്നു. നിയന്ത്രണ തീരുമാന പ്രകാരം വിദേശികൾക്ക് പ്രതിവർഷം 1000 ദിനാറോളം അധിക ചെലവ് വന്നിരുന്നു.
വാർഷിക ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് 500 ദിനാർ, വർക്ക് പെർമിറ്റിന് 250 ദിനാർ, കൂടാതെ മറ്റ് അനുബന്ധ ചെലവുകളും ഇതിൽ ഉൾപ്പെട്ടിരുന്നു. ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തിയിരുന്നതിനാൽ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പരിചയസമ്പന്നർ ഈ കാലയളവിൽ രാജ്യം വിട്ടുപോകേണ്ട അവസ്ഥ വന്നിട്ടുണ്ട്. ഈ നിയമത്തിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.