യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചർച്ചകൾക്കായി പണം കൈമാറാൻ കേന്ദ്ര സർക്കാർ അനുമതി. പ്രാരംഭ ചർച്ചകൾ നടത്തുന്നതിനായി 40,000 ഡോളർ ഇന്ത്യൻ എംബസി വഴി കൈമാറാനാണ് അനുമതി നൽകിയത്. എംബസിയുടെ അക്കൗണ്ടിൽ പണമെത്തിയാൽ സനയിൽ പ്രേമകുമാരി നിർദേശിക്കുന്നവർക്ക് കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കാനും കേന്ദ്രം അനുമതി നൽകി.
പ്രാരംഭ ചർച്ചകൾ തുടങ്ങുന്നതിനായി പണം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ കേന്ദ്രത്തെ സമീപിച്ചിരുന്നു. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. ഇതിനുള്ള പ്രാരംഭ ചർച്ചകൾക്ക് പണം ആവശ്യമായതിനാലാണ് പ്രേമകുമാരി അനുമതി തേടിയത്.
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി ധനസമാഹരണ യഞ്ജം ആരംഭിച്ചിട്ടുണ്ട്. ‘സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ’ എന്നാണ് ധനസമാഹരണ യഞ്ജത്തിന്റെ പേര്. നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലായേക്കാമെന്ന വിലയിരുത്തലിലാണ് ദയാധനം നൽകാനുള്ള ധനസമാഹരണം ആരംഭിക്കുന്നത്. മൂന്ന് കോടി രൂപ സമാഹരിക്കാൻ ദയാധന സ്വരൂപണ എന്ന പേരിലാണ് ക്യാമ്പയിൽ ആരംഭിക്കുന്നത്. മകളുടെ ജീവൻ രക്ഷിക്കാൻ എല്ലാവരുടെയും സഹായം വേണമെന്ന് യെമനിൽ നിന്നും നിമിഷപ്രിയയുടെ മാതാവ് പ്രേമകുമാരി അഭ്യർത്ഥിച്ചു.