ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് തൊഴിൽ പരിഗണിക്കാതെ സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി. സൌദി ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിസ അനുവദിക്കുന്നതിന് ഗൾഫ് രാജ്യങ്ങളിലുള്ളവരുടെ തൊഴിൽ മാനദണ്ഡമാക്കില്ലെന്നും മന്ത്രാലയം അറിയിച്ചു
സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസകളാണ് അനുവദിക്കുക. സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്ത തീയതി മുതൽ മൂന്ന് മാസത്തേക്ക് സാധുതയുള്ളതായിരിക്കും. ഇത്തരം വിസയിൽ അനുവദനീയമായ താമസ കാലയളവ് 30 ദിവസമാണ്. അതേസയമം 90 ദിവസത്തേക്ക് മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് ഒരു വർഷത്തേക്ക് സാധുത ഉണ്ടായിരിക്കും.
300 റിയാലാണ് വിസാ ഫീസ്. വിസ ലഭിക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. https://visa.mofa.gov.sa/ എന്ന വെബ്സൈറ്റ് വഴിയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.
ടൂറിസ്റ്റ് വിസയിൽ സൗദിയിലെത്തുന്നവർക്ക് ഉംറ നിർവഹിക്കാനും മദീന സന്ദർശനത്തിനും അവസരമുണ്ട്. രാജ്യത്ത് എവിടെയും സഞ്ചരിക്കാനും അനുവാദമുണ്ടാവും. വിനോദ പരിപാടികളിൽ പങ്കെടുക്കാനും കഴിയും. എന്നാൽ ഇവർക്ക് ഹജ്ജ് ചെയ്യുന്നതിനോ ഹജ്ജ് കർമങ്ങളുടെ ദിനങ്ങളിൽ ഉംറ നിർവഹിക്കുന്നതിനോ അനുമതി നൽകിയിട്ടില്ല.
വിസക്ക് അപേക്ഷിക്കുന്നതിന് 18 വയസ് പൂർത്തിയാവണമെന്നാണ് നിബന്ധന. കുട്ടികൾക്ക് രക്ഷിതാക്കളാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൻ്റെ പാസ്പോർട്ടിന് ആറ് മാസത്തെ കാലാവധിയും റസിഡൻസി ഐഡിക്ക് മൂന്ന് മാസത്തേയും കാലാവധി ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.