സ്നേഹത്തിൻ്റേയും ഐക്യത്തിൻ്റേയും നന്മയുടെയും സന്ദേശവുമായി വിശ്വാസികൾ ഗൾഫ് മേഖലയിൽ നബിദിനം ആഘോഷിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12ൻ്റെ സ്മരണയിലാണ് നബിദിനാഘോഷം.നബിദിനത്തെ വരവേറ്റ് പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും.
നബിദിനത്തോട് അനുബന്ധിച്ച് യുഎഇിൽ സര്‍ക്കാര്‍- സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പളത്തോട് കൂടിയ അവധിയാണ് പ്രഖ്യാപിച്ചത്. നബിദിനം പ്രമാണിച്ച് ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ലെന്നും അധികൃതർ അറിയിച്ചിരുന്നു. സെപ്തംബര്‍ 16 തിങ്കളാഴ്ച സാധാരണ നിലയില്‍ ഓഫീസുകൾ പുനരാരംഭിക്കും.
യുഎഇയിക്ക് പുറമെ ഇതര ജിസിസി രാജ്യങ്ങളിലും ഞായറാഴ്ച നബിദിന അവധിയാണ്. പ്രാർത്ഥനകൾക്ക് പുറമേ വിവിധ മേഖലകളിലെ വിശ്വാസി കൂട്ടായ്മകൾ ഖുറാൻ പാരായണം സ്വലാത്തുകൾ, നബി ചരിത്ര വിവരണം,പ്രകീർത്തനം , അഗതികളെയും രോഗികളെയും സഹായിക്കൽ, തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ഗൾഫ് ഉൾപ്പെടെ മിക്ക ഇസ്‌ലാമിക രാജ്യങ്ങളിലും പ്രവാചകന്റെ ജന്മദിനം ഇസ്‌ലാമിക കലണ്ടറിലെ മൂന്നാം മാസമായ റബീഉൽ അവ്വൽ 12-നാണ്. അതേസമയം കേരളത്തിൽ തിങ്കളാഴ്ചയാണ് നബിദിനം വന്നെത്തുക.