ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി യുഎഇയിലെ കൂടുതൽ സ്റ്റോറുകളിൽ ഇന്ത്യയുടെ യുപിഐ പേയ്‌മെൻ്റ് സംവിധാനം ആരംഭിച്ചു. അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇൻ്റർനാഷണലിന്റെ യുഎഇയിലെ എല്ലാ സ്റ്റോറുകളിലുമാണ് ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) സംവിധാനം ആരംഭിച്ചത്.
ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഇന്ത്യാ ഉത്സവിലാണ് ഉപഭോക്താക്കൾക്കായി സൗകര്യപ്രദമാകുന്ന സംവിധാനം ഒരുക്കിയത്. ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ. അമർനാഥ് അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ വെച്ച് പേമെന്റ് സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഇനി ഉപഭോക്താക്കൾക്ക് അവരുടെ റുപേ കാർഡ് ഉപയോഗിച്ചും ഫോൺ വഴിയും പേയ്മെന്റുകൾ നടത്താൻ സാധിക്കും. ജി-പേ, ഫോൺ പേ, പേടിഎം പോലുള്ള യുപിഐ പവേർഡ് ആപ്പ് ഉപയോഗിച്ച് പേയ്മെന്റുകൾ നടത്തുന്നതിന് പിഒഎസ് മെഷീനുകളിൽ ഇപ്പോൾ ക്യൂആർ കോഡ് സ്‌കാൻ ചെയ്യാം. പുതിയ പേയ്മെന്റ് സൗകര്യം ഓരോ വർഷവും യുഎഇയിലേക്ക് യാത്ര ചെയ്യുന്ന പത്ത് ദശലക്ഷത്തിലേറെ ഇന്ത്യക്കാർക്ക് വളരെയധികം പ്രയോജനകരമാകും.
കഴിഞ്ഞ ഫെബ്രുവരിയിൽ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്തമായി അബുദാബിയിൽ യുപിഐ റുപേ കാർഡ് സേവനം അവതരിപ്പിച്ചിരുന്നു.