ദേശീയ ദിനത്തെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ഖത്തർ. ഈ സാഹചര്യത്തിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിവരാറുള്ള പരേഡ് ഈ വർഷം റദ്ദാക്കിയതായി ഖത്തർ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതി അറിയിച്ചു. എന്നാൽ പരേഡ് റദ്ദാക്കാനുള്ള കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സാമൂഹ്യ മാധ്യമത്തിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ദേശീയ ദിനാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടിയായിരുന്നു കോർണിഷിൽ നടത്തിവരാറുള്ള പരേഡ്. പരേഡ് കാണുന്നതിനായി ജനങ്ങൾക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും ലൈറ്റ് ആന്റ് സൗണ്ട് സിസ്‌റ്റവും ഒരുക്കിവരുന്നതിനിടെയാണ് നടപടി.
ഖത്തറിന്റെ സൈനിക ശക്തിയും സാംസ്‌കാരിക പാരമ്പര്യവും വിളിച്ചോതുന്ന പരിപാടികൾ കാണാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെ ആയിരങ്ങളാണ് എല്ലാ വർഷവും ഇവിടേയ്ക്ക് എത്താറുള്ളത്. ഡിസംബർ 18നാണ് രാജ്യം ദേശീയ ദിനം ആഘോഷിക്കുന്നത്.