ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് സൗദി അറേബ്യയിൽ മരണപ്പെട്ടു. പുതു പൊന്നാനി സ്വദേശി ഷമീർ മുഹമ്മദ് (35) ആണ് റിയാദിൽ നിര്യാതനായത്. 13 വർഷമായി റിയാദിലെ മലാസിൽ സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു ഷമീർ.
നെഞ്ചുവേദനയെ തുടർന്ന് ഷമീറിനെ സുമേഷി കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ശസ്ത്രക്രിയക്കായി മലാസിലെ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും വീണ്ടും ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
പുതുപൊന്നാനി കിഴക്കകത് വീട്ടിൽ മുഹമ്മദ്, സക്കീന ദമ്പതികളുടെ മകനാണ്. ഭാര്യ: മുഹ്‌സിന. മഹിർ, മെഹറ, മലീഹ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്.