വൻ സുരക്ഷാ വലയത്തിൽ ഹജ്ജിനായി ഒരുങ്ങി മക്ക. ഹജ്ജ് കർമ്മത്തിനിടെ അനിഷ്ട സംഭവങ്ങൾ തടയാൻ കർശനമായ പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളുമാണ് മക്കയിലും സമീപപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താൻ ഹജ്ജ് സുരക്ഷാ സേനയുടെ ഒരുക്കങ്ങൾ ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ നേരിട്ടെത്തി വിലയിരുത്തി.
സുരക്ഷയൊരുക്കാൻ സേന പൂർണ സജ്ജമാണെന്ന് ഹജ്ജ് സുരക്ഷാ സേനയുടെ ഭാഗമായ പൊതുസുരക്ഷാ വകുപ്പ് തലവനും ഹജ്ജ് സുരക്ഷാ കമ്മിറ്റി പ്രസിഡന്റുമായ മുഹമ്മദ് അൽ ബസാമി പറഞ്ഞു. മക്കയിലും മദീനയിലും ഹജ്ജ് പ്രദേശങ്ങളിലേക്കുള്ള റോഡുകളിലും സേന ക്രമീകരണങ്ങൾ നടപ്പാക്കാൻ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 26ന് വൈകുന്നേരം ആരംഭിക്കുന്ന ഹജ്ജ് കർമ്മങ്ങൾ ജൂലൈ 1ന് വൈകുന്നേരം സമാപിക്കും.