മക്കയിലേക്കുളള പ്രവേശനത്തിന് ഇന്ന് മുതല്‍ നിയന്ത്രണം ശക്തമാക്കിയതായി പൊതു സുരക്ഷാ വകുപ്പ്. രാജ്യത്തെ വിദേശികളായ താമസക്കാര്‍ക്ക് മക്ക സന്ദര്‍ശിക്കാന്‍ അനുമത്രി പത്രം നിര്‍ബന്ധമാക്കിയെന്നും പൊതു സുരക്ഷാ വ്യക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സാമീ ബിന്‍ മുഹമ്മദ് അല്‍ശുവൈറഖ് അറിയിച്ചു. ഹജ്ജ് സംഘടനാ നിര്‍ദ്ദേശങ്ങൾ പാലിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിപത്രം ഹാജരാക്കാത്തവരെ തടയും. ഇത്തരക്കാരുടെ വാഹനങ്ങൾ മക്കയിലേക്ക് എത്തുന്ന ചെക്പോസ്റ്റുകളില്‍നിന്ന് തിരിച്ചയക്കും. തീര്‍ത്ഥാടനത്തിനെത്തുന്ന സ്വദേശികളും വിദേശികളും ഹജ്ജ് ഉമ്ര മന്ത്രാലയത്തിന്‍റെ അനുമതിയുളള ഏജന്‍സികളില്‍നിന്ന് പെര്‍മിറ്റ് കരസ്ഥമാക്കണമെന്നാണ് നിര്‍ദ്ദേശം.
ബന്ധപ്പെട്ട വകുപ്പ് നല്‍കുന്ന എന്‍ട്രി പെര്‍മിറ്റ്, പുണ്യസ്ഥലത്ത് ജോലി ചെയ്യാനുളള അനുവാദം, മക്കയില്‍ നിന്ന് നല്‍കുന്ന ഇഖാമ, ഉംറ അനുമതിപത്രം, ഹജ്ജ് അനുമതി പത്രം എന്നിവ ഹാജരാക്കുന്നവര്‍ക്ക് പ്രവേശനം അനുവദിക്കും.
പെര്‍മിറ്റില്ലാതെ ഹജ്ജിന് ശ്രമിക്കുന്നത് രാജ്യത്തെ താമസ നിയമ ലംഘനമാണെന്നും മുന്നറിയിപ്പുണ്ട്. ഹജ്ജ് നിബന്ധനകൾ പാലിക്കാന്‍ സ്വദേശികളും വിദേശികളും ബാധ്യസ്ഥാരാണെന്നും പൊതു സുരക്ഷാ വകുപ്പ് വ്യക്തമാക്കി. അനുമതിയില്ലാതെ നിരവധി സന്ദര്‍ശകരെത്തുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്.