യുഎഇയിൽ ദേശീയ ലോട്ടറി ഓപ്പറേറ്ററാകാൻ പരസ്പരം മത്സരിച്ച് മഹ്സൂസും എമിറേറ്റ്സ് ഡ്രോയും. ഇതുമായി ബന്ധപ്പെട്ട ലൈസൻസിനായി മഹ്സൂസും എമിറേറ്റ്സ് ഡ്രോയും ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) ലേലത്തിൽ പങ്കെടുക്കും.
യുഎഇയുടെ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് സെപ്റ്റംബറിൽ രൂപീകരിച്ച ഫെഡറൽ ബോഡി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പുതിയ നിയമപ്രകാരം അംഗീകാരം നേടുന്നത് വരെ എമിറേറ്റ്സ് ഡ്രോയുടെയും മഹ്സൂസുസിന്റെയും നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയാണ്. ദേശീയ ലോട്ടറി ലൈസൻസിനുള്ള അപേക്ഷാ നടപടികൾ പൂർത്തിയായെന്നും ലൈസൻസിനായി ഏറ്റവും മികച്ച അപേക്ഷകനെ തിരഞ്ഞെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
2024-ന്റെ ആദ്യ പാദത്തിനുള്ളിൽ ദേശീയ ലോട്ടറി ഓപ്പറേറ്റർക്ക് ലൈസൻസ് നൽകാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ജനുവരി 1 മുതലാണ് എമിറേറ്റ്സ് ഡ്രോയും മഹ്സൂസും നറുക്കെടുപ്പുകൾ നിർത്തിവെച്ചത്. എന്നാൽ ദുബായ് ഡ്യൂട്ടി ഫ്രീയും ബിഗ് ടിക്കറ്റ് അബുദാബിയും ടിക്കറ്റ് വിൽപ്പന നിലവിൽ തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.