സൗദി അറേബ്യയുടെ സ്വകാര്യ ക്രൂ ദൗത്യമായ ആക്‌സിയോം മിഷൻ 2 വിന്റെ വിക്ഷേപണ തിയതിയിൽ മാറ്റം. സൗദി ആദ്യമായി വനിതാ സഞ്ചാരിയെ ബഹിരാകാശത്തേക്ക് അയക്കുന്ന ദൗത്യമാണിത്. മെയ് ആദ്യം വിക്ഷേപണം നടത്താൻ ആയിരുന്നു തീരുമാനം. എന്നാൽ ഇത് നടക്കില്ലെന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) അറിയിച്ചു.
നാസ, ആക്‌സിയോം സ്‌പേസ്, സ്‌പേസ് എക്‌സ് എന്നിവ ഒരുമിച്ച് വിക്ഷേപിക്കുന്നതിനുള്ള ഏറ്റവും മികച്ച അവസരം തിരിച്ചറിയുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്ന് ഐഎസ്‌എസ് ട്വീറ്റ് ചെയ്തു. കൂടാതെ പുതുക്കിയ ടാർഗെറ്റ് ലോഞ്ച് തീയതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പങ്കിടുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഈ വർഷം ആദ്യമാണ് സൗദി അറേബ്യ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരിയായ റയ്‌യാന ബർനാവിയെയും അലി അൽഖർനിയെയും 2023 ന്റെ രണ്ടാം പകുതിയിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
ദൗത്യത്തിന് കഴിഞ്ഞ മാസം ഔദ്യോഗിക വിക്ഷേപണ തീയതി ലഭിച്ചിരുന്നു. അന്ന് മെയ് എട്ടിന് ഫ്ലോറിഡയിൽ നിന്ന് വിക്ഷേപണം നടത്തുമെന്നായിരുന്നു ആക്‌സിയം സ്‌പേസും നാസ അധികൃതരും അറിയിച്ചത്. ബർണവി, അൽഖർനി എന്നിവരെ കൂടാതെ സൗദി ഹ്യൂമൻ സ്‌പേസ് ഫ്‌ലൈറ്റ് പ്രോഗ്രാമിന്റെ ഭാഗമായി രണ്ട് ബഹിരാകാശ സഞ്ചാരികളായ മറിയം ഫർദൂസ്, അലി അൽഗാംഡി എന്നിവരും പരിശീലനം നേടുന്നുണ്ടെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.