സൗദി അറേബ്യയില്‍ പുതിയ വിമാനത്താവളം വരുന്നു. റിയാദിലെ പുതിയ വിമാനത്താവളത്തിലൂടെ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ സൗദി ഇടം നേടും. റിയാദിൻ്റെ മുഖച്ഛായ മാറ്റുന്ന കിംഗ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ മാസ്റ്റര്‍ പ്ലാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക, വികസന സമിതി പ്രസിഡൻ്റും പബ്ലിക് ഇന്‍വെസ്റ്റ്‌മെൻ്റ് ഫണ്ട് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് പ്രഖ്യാപിച്ചത്.
കിംഗ് സല്‍മാന്‍ വിമാനത്താവളത്തിന് 57 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ടായിരിക്കും. പുതിയ വിമാനത്താവളം വരുന്നതോടെ നിലവില്‍ റിയാദ് വിമാനത്താവളത്തിലുള്ള ടെര്‍മിനലുകള്‍ കിംഗ് ഖാലിദ് ടെര്‍മിനലുകള്‍ എന്ന് വിളിക്കപ്പെടുകയും പുതിയ വിമാനത്താവളത്തിൻ്റെ ഭാഗമാകുകയും ചെയ്യും. ആറ് റണ്‍വേകളാണ് കിംഗ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വരിക.
12 ചതുരശ്ര കിലോമീറ്ററാണ് എയര്‍പോര്‍ട്ട് അനുബന്ധ സൗകര്യങ്ങള്‍, താമസ, വിനോദ സൗകര്യങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ലോജിസ്റ്റിക് സൗകര്യങ്ങള്‍ എന്നിവയ്ക്കായി മാറ്റുക. 2030ഓടെ റിയാദിനെ ഒന്നര കോടിക്കും രണ്ട് കോടിക്കുമിടയില്‍ ജനസംഖ്യയുള്ള നഗരമാക്കുക എന്ന സൗദിയുടെ പദ്ധതി അനുസരിച്ചാണ് വിമാനത്താവളം നിർമ്മിക്കുന്നത്. 2030ഓടെ പ്രതിവര്‍ഷം 12 കോടി യാത്രക്കാര്‍ക്കും 2050ഓടെ 18.5 കോടി യാത്രക്കാര്‍ക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും.
വിമാനത്താവളത്തിന് 35 ലക്ഷം ടണ്‍ ചരക്ക് കൈമാറ്റത്തിനുള്ള ശേഷിയുയുണ്ടായിരിക്കും. 1,03,000 തൊഴിലവസരങ്ങള്‍ പുതിയ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. പുതിയ പദ്ധതി പെട്രോളിതര ആഭ്യന്തരോല്‍പ്പാദനത്തിലേക്ക് പ്രതിവര്‍ഷം 27,000 കോടി റിയാല്‍ എത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പത്ത് നഗര സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി റിയാദിലെ മാറ്റാനുള്ള സൗദിയുടെ പദ്ധതിയാണ് നിറവേറുന്നത്.