താമസ നിയമം ലംഘിക്കുന്നവരെ പിടികൂടുന്നതിനായി പരിശോധന കർശനമാക്കി കുവൈറ്റ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ്. കഴിഞ്ഞ ദിവസം ഖൈത്താൻ, മുബാറക്കിയ, ഫഹാഹീൽ,ഷുവൈഖ് ഇൻഡസ്ട്രിയൽ സിറ്റി എന്നിവിടങ്ങളിലും സലൂണുകളിലും നടത്തിയ പരിശോധനയിൽ 226 പേരെ അറസ്റ്റ് ചെയ്തു.
താമസ നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് രാവിലെയും വൈകുന്നേരവും പരിശോധന ക്യാമ്പെയിനുകൾ നടത്തുന്നുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നത്. പിടിയിലായവർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെ പിടികൂടുന്നതിനായി വ്യാപക പരിശോധനകളും നടന്നുവരുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേരാണ് താമസ നിയമം ലംഘിച്ചതിന് പിടിയിലായിട്ടുള്ളത്. വിവിധ വിസകളിൽ രാജ്യത്ത് എത്തുകയും രാജ്യത്ത് തുടരാനുള്ള വിസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാതെ തുടരുകയും ചെയ്യുന്ന നിരവധി പ്രവാസികൾ ഇപ്പോഴും രാജ്യത്തുണ്ട്. വിസ ഏജൻറുമാരുടെയും സ്പോൺസർമാരുടെയും തട്ടിപ്പിനിരയാകുന്നവരും ഇവരിൽ ഉൾപ്പെടും.