കുവൈറ്റിലെ പ്രവാസികൾക്ക് ആശ്വാസം. പ്രവാസികൾക്ക് ദീർഘകാലമായി നിർത്തിവെച്ച കുടുംബവിസ പുനരാരംഭിക്കുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര വകുപ്പ് ആക്ടിങ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുടുംബ വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് കുറഞ്ഞ ശമ്പളനിരക്ക് 800 ദിനാറും യൂണിവേഴ്സിറ്റി ബിരുദവും നിർബന്ധമാണ്. കൂടാതെ പുതിയ നിയന്ത്രണങ്ങളും വ്യവസ്ഥകളും അനുസരിച്ച് കുടുംബങ്ങൾക്കായി വിസ ജനുവരി 28 മുതൽ തുറക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അതേസമയം നേരത്തെ കുവൈറ്റില്‍ സ്ഥിര താമസക്കാരായ വിദേശികള്‍ക്ക് കുടുംബവിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളനിരക്ക് 450 ദിനാറായിരുന്നു. എന്നാൽ പുതിയ നിർദേശ പ്രകാരം അപേക്ഷകരുടെ കുറഞ്ഞ ശമ്പളനിരക്ക് 800 ദിനാര്‍ ആയി ഉയർത്തി. 2022 ജൂണിലായിരുന്നു കുവൈറ്റിൽ കുടുംബ വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്.
എന്നാൽ സന്ദർശന വിസയും നിലച്ചതോടെ കുടുംബത്തെ കൂടെ കൂട്ടാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു പ്രവാസികൾ. പഴയ വിസ ഉള്ളവർ മാത്രമാണ് നിലവിൽ കുടുംബത്തോടൊപ്പം കഴിയുന്നത്. നിലവിൽ തൊഴിൽ വിസയും, കൊമേഴ്ഷ്യൽ സന്ദർശന വിസയും മാത്രമേ കുവൈറ്റിൽ അനുവദിച്ചിട്ടുള്ളൂ. കുടുംബവിസ പുനരാരംഭിക്കുന്നത് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാകും. മാത്രമല്ല, രാജ്യത്തെ ബിസിനസ് മേഖലക്കും ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.