നീണ്ട വേനലിന്റെ പൊള്ളുന്ന ചൂടിന് വിരാമമിട്ട് കുവൈറ്റിൽ കാലാവസ്ഥ മാറ്റത്തിന് തുടക്കമായി. വ്യാഴാഴ്ച രാവിലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അനുഭവപ്പെട്ട മഴ അന്തരീക്ഷത്തെ തണുപ്പിച്ചു. രാവിലെ ആരംഭിച്ച മഴ രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിൽ കൂടുതൽ ശക്തിയോടെ പെയ്യുകയും ചെയ്തു. എന്നാൽ മറ്റിടങ്ങളിൽ മഴ ശക്തമായില്ലെങ്കിലും കാലാവസ്ഥയിലെ മാറ്റം നല്ല രീതിയിൽ പ്രകടമായിരുന്നു. മഴ എത്തിയതോടെ വ്യാഴാഴ്ച താപനിലയിൽ കുറവുണ്ടാകുകയും ചെയ്തു.
വൈകാതെ താപനില കുറഞ്ഞുവരുകയും കടുത്ത തണുപ്പുകാലത്തേക്ക് രാജ്യം പ്രവേശിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. തണുപ്പുകാല വരവിന്റെ സൂചനയായാണ് മഴയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുകയും ചെയ്യും. കടുത്ത ചൂടും തണുപ്പുമില്ലാത്ത കാലാവസ്ഥയാണ് നിലവിൽ രാജ്യത്ത് അനുഭവപ്പെടുന്നത്.
കുവൈറ്റിൽ ശൈത്യകാലം ഒക്ടോബർ 15ന് ആരംഭിക്കുമെന്ന് അൽ ഒജൈരി സയന്റിഫിക് സെന്റർ നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം ശൈത്യകാലം നാലു ഘട്ടങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഓരോ ഘട്ടവും 13 ദിവസത്തോളം നീണ്ടുനിൽക്കും. ഈ കാലയളവിൽ സൂര്യൻ തെക്കോട്ട് ചായുന്നത് തുടരും. അതിന്റെ ഫലമായി പകൽസമയത്ത് താപനില കുറയുകയും മിതമായ കാലാവസ്ഥ ആരംഭിക്കുകയും ചെയ്യുമെന്നും അൽ ഒജൈരി സയന്റിഫിക് സെന്റർ കൂട്ടിച്ചേർത്തു.
അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും മഴക്കു സാധ്യതയുണ്ട്. ഇത്രാ മുന്നിൽ കണ്ടുകൊണ്ട് രാജ്യം സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുമുണ്ട്. മഴക്കാലത്ത് രക്ഷാപ്രവർത്തനങ്ങള്‍ നല്‍കുന്നതിനും അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനുമായി ഓപറേഷന് റൂം 24 മണിക്കൂറും സജ്ജമാക്കും. കൂടാതെ മഴയത്ത് വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അപകടങ്ങൾക്ക് കാരണമാകുന്ന വാഹനം ഡ്രൈവ് ചെയ്യരുതെന്നും അധികൃതർ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.