കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പൗരന്മാർക്കും താമസക്കാർക്കും സമഗ്രമായ സുരക്ഷാ സേവനങ്ങൾ നൽകുന്നതിനായാണ് സ്റ്റേഷൻ തുറന്നതെന്ന് അധികൃതർ അറിയിച്ചു. രാപ്പകലില്ലാതെ മുഴുവൻ സമയവും പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്റ്റേഷൻ ആരംഭിച്ചത്. അതേസമയം സുരക്ഷാ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ പൊലീസ് സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിന് സമഗ്രമായ പദ്ധതിയുണ്ടെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.