കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പിൽ പ്രവാസിക്ക് നഷ്ടമായത് 3000 ദീനാര്‍. കഴിഞ്ഞ ദിവസമാണ് പ്രവാസിയുടെ പണം ഇത്തരത്തിൽ നഷ്ടപ്പെട്ടതായി അധികൃതർക്ക് പരാതി ലഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പ്രവാസിയെ വിളിച്ചയാള്‍ ഒ.ടി.പി ആവശ്യപ്പെടുകയും ഒടിപി നൽകിയപ്പോൾ ബാങ്കിലെ പണം നഷ്ടപ്പെടുകയായിരുന്നു. പണം നഷ്ടപ്പെട്ടതോടെ കബളിപ്പിക്കപ്പെട്ടതായി മനസ്സിലായ അദ്ദേഹം ഹവല്ലി പൊലീസ് സ്റ്റേഷനിൽ പരാതി നല്കി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പണം ക്രെഡിറ്റായ അക്കൗണ്ട് ഹോള്‍ഡര്‍ രാജ്യം വിട്ടതായി പോലീസ് കണ്ടെത്തി.
കുവൈറ്റിൽ സൈബർ തട്ടിപ്പ് അടുത്തിടെ വ്യാപകമായി നടക്കുന്നുണ്ട്. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നെന്ന വ്യാജേന വിശ്വസനീയമായ രൂപത്തിൽ സന്ദേശം അയച്ചും ഫോൺ വിളിച്ചുമാണ് പണം തട്ടുന്നത്. ഔദ്യോഗിക മന്ത്രാലയങ്ങൾ, മൊബൈൽ കമ്പനികൾ, ബാങ്കുകൾ എന്നിവയുടെ പേരിൽ ഫോൺ വിളിക്കലും പിഴ അടക്കാൻ ആവശ്യപ്പെടലുമാണ് തട്ടിപ്പുകാരുടെ ഒരു രീതി. വിവിധ ലിങ്കുകൾ അയച്ച് ഒ.ടി.പി കരസ്ഥമാക്കിയതിന് ശേഷം പണം തട്ടുന്ന രീതിയുമുണ്ട്. മാത്രമല്ല, കുവൈറ്റ് പൊലീസിന്റെ വേഷത്തിൽ വാട്സ് ആപ്പിൽ വിഡിയോ കാൾ ചെയ്ത് അടുത്തിടെ നിരവധി പേരിൽ നിന്നാണ് പണം തട്ടിയത്. പണം നഷ്ടപ്പെടുന്നതോടെയായിരിക്കും പലർക്കും തട്ടിപ്പ് മനസ്സിലാകുക
തട്ടിപ്പുകളുടെ എണ്ണം കൂടിയതോടെ സാമ്പത്തിക തട്ടിപ്പുകളും കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും നേരിടാൻ കുവൈറ്റ് പോലീസ് അടുത്തിടെ വെർച്വൽ റൂം (അമാൻ) സജ്ജമാക്കിയിരുന്നു. ഇത് കൂടാതെ ഓൺലൈൻ സാമ്പത്തിക ഇടപാടുകളിലെ വഞ്ചനക്കെതിരെ അധികൃതർ നിരന്തരം മുന്നറിയിപ്പു നൽകുന്നുമുണ്ട്. ഓൺലൈൻ വഴിയുള്ള സാമ്പത്തിക കൈമാറ്റത്തിൽ ജാഗ്രത പുലർത്തണമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും മുന്നറിയിപ്പ് നൽകുകയും ചെയ്തു.