സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കാന്‍ ഒരുങ്ങി കുവൈറ്റ് പബ്ലിക് ട്രാൻസ്പോർട്ടേഷൻ കമ്പനി. 16,500 വിദ്യാർഥികൾക്കാണ് പുതിയ സര്‍വിസിന്റെ ഗുണം ലഭ്യമാകുക എന്ന് കെ.പി.ടി.സി സി.ഇ.ഒ മൻസൂർ അൽ സാദ് അറിയിച്ചു. 760 ബസുകളാണ് സേവനത്തിനായി നിരത്തിലിറക്കുക. സ്കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് ‘കെ-സ്കൂള്‍’ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ അഞ്ച് ഗവർണറേറ്റിലേക്കും ബസുകളുടെ സര്‍വിസ് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം ബസ് സര്‍വിസുകളില്‍ കുട്ടികളുടെ എണ്ണവും ആവശ്യകതയും അനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് കെ.പി.ടി.സി അധികൃതര്‍ വ്യക്തമാക്കി. കൂടാതെ ഡ്രൈവര്‍മാരുടെ നീക്കങ്ങള്‍ പൂര്‍ണമായി നിരീക്ഷിക്കാന്‍ കഴിയുന്ന വിധത്തിലുള്ള സംവിധാനം എല്ലാ ബസുകളിലും സ്ഥാപിച്ചിട്ടുണ്ട്. കുവൈറ്റ് സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം എല്ലാ കുട്ടികള്‍ക്കും സീറ്റ് ബെല്റ്റടക്കമുള്ള സംവിധാനങ്ങളും ഓരോ ബസിലുമായി ഒരുക്കിയിട്ടുണ്ട്. മാത്രമല്ല വിദ്യാർഥികളുടെ യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ആഭ്യന്തര മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ശ്രമങ്ങളെയും സഹകരണത്തെയും അൽ-സാദ് പ്രശംസിക്കുകയും ചെയ്തു.