രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ പകലിന് ഇന്ന് കുവൈത്ത് സാക്ഷ്യം വഹിക്കും. കുവൈത്ത് അൽ അജൈരി സയന്റിഫിക് സെന്റർ ആണ് ഇത് സംബന്ധിച്ച വിവരം ഔദ്യേഗികമായി അറിയിച്ചത്. ഇന്ന് പുലർച്ചെ 4.49നാണ് രാജ്യത്ത് സൂര്യൻ ഉദിച്ചത്. വൈകിട്ട് 6.50 ന് മാത്രമേ സൂര്യൻ അസ്തമിക്കുകയുള്ളു. ഇതോടെ പകലിന്റെ ദൈർഘ്യം 14 മണിക്കൂറായി മാറും.
വേനൽക്കാലം രൂക്ഷമാകുന്നതിന്റെ തുടക്കത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ് ഇതിന് കാരണം. സൂര്യന്റെ ചലനത്തിന് അനുസരിച്ച് എല്ലാ വർഷവും ഈ പ്രതിഭാസം സംഭവിക്കും. സൂര്യരശ്മികൾ ഏറ്റവുമടുത്ത് നേരിട്ട് പതിക്കുന്നതിനാൽ അന്തരീക്ഷത്തിലെ താപനില കൂടുകയും ചെയ്യും. അതിനാൽ വരുന്ന രണ്ടുമാസം കടുത്ത ചൂടാകും രാജ്യത്ത് അനുഭവപ്പെടുക.