കുവൈറ്റില്‍ വിദേശികളുടെ താമസ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ നടപ്പാക്കാന്‍ തീരുമാനം. കരട് നിര്‍ദേശത്തിന് കുവൈറ്റ് ആഭ്യന്തര, പ്രതിരോധ കമ്മിറ്റി അംഗീകാരം നല്‍കി. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഭേദഗതികള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് കമ്മിറ്റി അംഗം സഅദൂന്‍ ഹമ്മാദ് അറിയിച്ചു.
വിദേശികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, വിസ, താമസം, വിദേശികൾ രാജ്യത്ത് പാലിക്കേണ്ട നിബന്ധനകൾ, നാടുകടത്തല്‍, വിസക്കച്ചവടം, തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍, അവയ്ക്കുള്ള ശിക്ഷകള്‍ എന്നിങ്ങനെ സുപ്രധാന ഭേദഗതികളാണ് കരട് നിര്‍ദേശത്തിലുള്ളത്. അതേസമയം നിര്‍ദ്ദേശം അമീറിന്റെ അംഗീകാരത്തോടെ ഗസറ്റില്‍ വിജ്ഞാപനം ചെയ്ത ശേഷമെ പ്രാബല്യത്തില്‍ വരൂ.
വിദേശ പൗരന്മാരെ കുറിച്ചുള്ള വിവരങ്ങള്‍ ചെക്കിന്‍ കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ആഭ്യന്തരമന്ത്രലയത്തെ വിവരം അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. വിദേശികള്‍ക്ക് പരമാവധി മൂന്നു മാസം വരെ താല്‍ക്കാലിക ഇഖാമ അനുവദിക്കുമെന്നും മൂന്നു മാസം കൂടുമ്പോള്‍ ഇവ പുതുക്കാനും അനുമതിയുണ്ടാകുമെന്നും അറിയിപ്പുണ്ട്.
വിദേശികൾക്ക് രാജ്യത്ത് തുടരാനുളള അനുമതി പരമാവധി അഞ്ച് വര്‍ഷം മാത്രമായി ചുരുക്കിയേക്കും. എന്നാല്‍ കുവൈറ്റ് പൗരന്മാരുടെ വിദേശികളായ മക്കള്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ തുടങ്ങിയവര്‍ക്ക് പത്തു വര്‍ഷം വരെയും, വാണിജ്യ മേഖലയില്‍ നിക്ഷേപം നടത്തിയ വിദേശികള്‍ക്ക് പതിനഞ്ച് വര്‍ഷം വരെയും ഇഖാമ അനുവദിക്കും.
വിസക്കച്ചവടം, മനുഷ്യക്കടത്ത് തുടങ്ങിയ നിയമലംഘനങ്ങൾക്ക് തടവും പിഴയും വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. മൂന്നു വര്‍ഷത്തില്‍ കുറയാത്ത തടവും 5000 ദിനാര്‍ പിഴയും നല്‍കണമെന്നാണ് നിര്‍ദ്ദേശം .