ഷെയ്ഖ് അഹമ്മദ് അല്‍ നവാഫ് അല്‍ സബാഹ് കുവൈറ്റിലെ പുതിയ പ്രധാനമന്ത്രി. പുതിയ പ്രധാനമന്ത്രിയെ നിയമിച്ച് കുവൈറ്റ് അമീറിന്‍റെ ഉത്തരവ് പുറത്തുവന്നു. കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷ്അല്‍ അഹ്മദ് അല്‍ സബാഹ് ആണ് അമീര്‍ നല്‍കിയ പ്രത്യേക ഭരണഘടനാ അധികാരം ഉപയോഗിച്ച് പുതിയ പ്രധാനമന്ത്രിയെ നിയമിച്ച ഉത്തരവ് പുറത്തുവിട്ടത്.
കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ മകന്‍ കൂടിയാണ് റിട്ടയേഡ് ലഫ്റ്റനന്റ് ജനറലായ ഷെയ്ഖ് അഹമ്മദ് അല്‍ നവാഫ് അല്‍ സബാഹ്. നിലവിലുളള കാവല്‍ മന്ത്രിസഭയിലെ ഒന്നാം ഉപ പ്രധാനമന്ത്രി പദവിയും ആഭ്യന്തര മന്ത്രി പദവിയും വഹിക്കുന്നുണ്ട്. അമീറിന്‍റെ ഉത്തരവ് ദേശീയ അസംബ്ലിയില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം ഗസറ്റില്‍ പ്രസിദ്ധീകരിക്കും.
അതേസമയം പുതിയ മന്ത്രിസഭയെ തിരഞ്ഞെടുക്കുന്ന നടപടികൾക്കും തുടക്കമായിട്ടുണ്ട്. മന്ത്രിസഭയെ നാമ നിര്‍ദ്ദേശം ചെയ്യുന്നതിനുള്ള അധികാരവും പുതിയ പ്രധാനമന്ത്രിക്ക് നല്‍കി. കഴിഞ്ഞ ഏപ്രിലില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് രാജിവെച്ചതിനെ തുടര്‍ന്നാണ് കാവല്‍ മന്ത്രസഭ ഏര്‍പ്പെടുത്തിയ്. പ്രതപക്ഷാംഗങ്ങൾ കുറ്റവിചാരണയ്ക്ക് നോട്ടീസ് നല്‍കിയതോടയാണ് മുന്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്.
പാർലമെന്റ് പിരിച്ചുവിടുകയാണെന്നും തെരഞ്ഞെടുപ്പിനായി ഒരുങ്ങണമെന്നും കഴിഞ്ഞ മാസം കുവൈറ്റ് അമീര്‍ ഉത്തരവിട്ടിരുന്നു. പുതിയ തെരഞ്ഞെടുപ്പായിരിക്കും പുതിയ പ്രധാനമന്ത്രിയുടെ ആദ്യത്തെ ദൗത്യം. അറുപതുകളുടെ അവസാനത്തിൽ ഷെയ്ഖ് അഹമ്മദ് പോലീസ് സേനയിലാണ് കരിയർ ആരംഭിച്ചത്. തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിൽ പ്രവേശിച്ചു. പിതാവ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് 2020 ൽ അധികാരമേറ്റതിന് ശേഷം അദ്ദേഹത്തെ നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ഹെഡ് ആയി നിയമിച്ചിരുന്നു.