ട്രാഫിക് പിഴത്തുക ആവശ്യപ്പെട്ട് വ്യാപകമായി വ്യാജ സന്ദേശം ലഭിക്കുന്നതായി പരാതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മുന്നറിയിപ്പ് നൽകി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. വ്യാജസന്ദേശങ്ങൾ ഉപഭോക്താക്കളിൽ നിന്ന് പണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണെന്നും അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണെമെന്നും അധികൃതർ നിർദേശിച്ചു.
ആദ്യം പിഴത്തുകകൾ സംബന്ധിച്ച് മെസേജുകൾ ലഭിക്കും. പിന്നീട് കൂടുതൽ പിഴകൾ ചുമത്തുന്നതിൽ നിന്ന് ഒഴിവാകുന്നതിനായി പിഴ അടയ്ക്കാൻ ആവശ്യപ്പെടുകയും വ്യാജ ലിങ്ക് അയക്കുകയുമാണ് ചെയ്യുന്നത്. അതിനാൽ ഇത്തരം വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. പിഴ അടയ്ക്കാത്തവർക്ക് കൂടുതൽ പിഴ ചുമത്തുമെന്ന തരത്തിലുള്ള സന്ദേശങ്ങൾ മന്ത്രാലയത്തിൽ നിന്ന് അയക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ രീതിയിലുള്ള വ്യാജ വെബ്സൈറ്റിൽ നിന്നാണ് സന്ദേശങ്ങൾ ലഭിക്കുക. ഇത്തരം സന്ദേശങ്ങൾ ലഭിക്കുകയോ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുകയോ ചെയ്താൽ ഉടൻ അടുത്ത പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.