ആറ് വര്‍ഷത്തിന് ശേഷം കുവൈറ്റ് പ്രിതിനിധിയായി ഇറാനിലേക്ക് അംബാസഡറെ അയച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ടെഹ്റാനിൽ നടന്ന കൂടിക്കാഴ്ചയില്‍ കുവൈത്ത് അംബാസഡർ ബാദർ അബ്ദുല്ല അൽ മുനൈഖും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയനും തമ്മില്‍ അധികാരപത്രം കൈമാറിയതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു.
സൗദി അറേബ്യയും ഇറാനും തമ്മിലുളള ബന്ധം വഷളായതിന് ശേഷം ശേഷം 2016-ൽ കുവൈത്ത് തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ബഹ്റൈനും സമാന നടപടി സ്വീകരിച്ചിരുന്നു. ഇറാനിലെ ഷിയാ മുസ്ലീം പുരോഹിതൻ നിമർ അൽ നിമറിനെ തീവ്രവാദ ബന്ധം ആരോപിച്ച് സൗദി വധിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നതും പ്രതിനിധികളെ തിരികെ വിളിക്കുന്നതും.
കുവൈറ്റിലെ പ്രാദേശിക ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും ഷിയ വിഭാഗത്തിൽ പെട്ടവരാണെന്നതും കണക്കിലെടുത്താണ് പുതിയ നീക്കം. 2016ല്‍ പ്രശ്നം രൂക്ഷമാകുമ്പോൾ സൗദി നയതന്ത്ര ദൗത്യങ്ങൾക്ക് നേരെ ഇറാനിലുളള പ്രതിഷേധക്കാർ ആക്രമണം നടത്തിയതും അറബ് രാജ്യങ്ങൾ തമ്മിലുളള ഭിന്നത വര്‍ദ്ധിപ്പിച്ചിരുന്നു.
അതേസമയം നയതന്ത്ര ബന്ധങ്ങളുടെ അഭാവം ഉണ്ടായിരുന്നിട്ടും സൗദിയും ഇറാനും തമ്മില്‍ കഴിഞ്ഞ ഒരുവര്‍ഷമായി നയനന്ത്ര ചര്‍ച്ചകൾ തുടരുകയായിരുന്നു. ഇറാഖാണ് ചര്‍ച്ചകൾക്ക് ആതിഥേയത്വം വഹിച്ചത്. ഇതിനിടെ ടെഹ്റാനിലേക്ക് അംബാസഡറെ അയക്കാനുള്ള ശ്രമത്തിലാണ് യുഎഇയും. മേഖല സുസ്ഥിരമാക്കാൻ നീക്കം സഹായിക്കുമെന്നാണ് യുഎഇയുടേയും വിലയിരുത്തല്‍,,