വായന പ്രേമികൾക്ക് ഉത്സവം സമ്മാനിച്ച ഖത്തർ കതാറ നോവൽ ഫെസ്റ്റ് സമാപിച്ചു. ഒരാഴ്ച നീണ്ട് നിന്ന ഫെസ്റ്റിവലിൽ അറബ് സാഹിത്യ ലോകത്തെ പ്രമുഖരായ എഴുത്തുകാരുടെ സാന്നിധ്യവും ലോകോത്തര നോവലിസ്റ്റുകളുടെ എഴുത്തുകളെക്കുറിച്ചുള്ള ചർച്ചകളും ചർച്ചയായിരുന്നു. കൂടാതെ പുതു തലമുറയിലെ അറബ് നോവലിസ്റ്റുകളുടെ രംഗപ്രവേശനവുമായി ശ്രദ്ധേയമായിരുന്നു കതാറ കൾചറൽ വില്ലേജ് സാക്ഷ്യംവഹിച്ച അറബ് നോവൽ ഫെസ്റ്റിവൽ. ഒക്ടോബർ 14ന് ആരംഭിച്ച് 20 വരെയായിരുന്നു നോവൽഫെസ്റ്റ്.
പുസ്തക മേളയിൽ വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള 23 പ്രസാധകർ പങ്കെടുത്തു. കൂടാതെ ലൈബ്രറികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ സാന്നിധ്യവും ഇവിടെ ശ്രദ്ധേയമായിരുന്നു. ഏഴു ദിവസങ്ങളിലായി സാഹിത്യചർച്ചകൾ, പുതു എഴുത്തുകാരുമായുള്ള സംവാദം, അറബ് നോവൽ സാഹിത്യത്തിലെ പുതിയ പ്രവണതകൾ, വിവർത്തന സാഹിത്യങ്ങൾ, സിനിമയാക്കപ്പെട്ട നോവലുകൾ തുടങ്ങിയ പുതുമയുള്ള ഒരുപിടി വിശേഷങ്ങളും ചിന്തകളുമായാണ് ഫെസ്റ്റ് സമാപിച്ചത്.
കൂടാതെ, 30,000 ഡോളർ സമ്മാനത്തുകയുള്ള കതാറ അറബിക് നോവൽ പുരസ്കാരങ്ങളും ഫെസ്റ്റിന്റെ ഭാഗമായി പ്രഖ്യാപിച്ചു. ഈജിപ്ഷ്യൻ എഴുത്തുകാരൻ അഷ്റഫ് അൽ അഷ്മാവി, റഷ അദ്ലി, ഒമാനിൽ നിന്നുള്ള മുഹമ്മദ് അൽ യഹ്യ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഇവരുടെ രചനകൾ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലേക്ക് വിവർത്തനവും ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.