അറബ് മേഖലയിലെ ഏറ്റവും വലിയ ഫാൽക്കൺ പ്രദർശനങ്ങളിലൊന്നായ കത്താറ കൾചറൽ വില്ലേജിന്റെ ഏഴാമത് രാജ്യാന്തര ഹണ്ടിങ് – ഫാൽക്കൺ പ്രദർശനം ആരംഭിച്ചു. 18 രാജ്യങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്. വിവിധയിനം ഫാൽക്കണുകളുടെ പ്രദർശനം, ലേലം, സൗന്ദര്യമത്സരം എന്നിവയ്ക്ക് പുറമെ ഫാൽക്കൺ വേട്ടയ്ക്കുള്ള നൂതന ഉപകരണങ്ങൾ, ആയുധങ്ങൾ, വാഹനങ്ങൾ എന്നിവയുടെ വിപണിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രാദേശിക, രാജ്യാന്തര തലത്തിലെ 190 കമ്പനികളുടെ പങ്കാളിത്തത്തിൽ സംഘടിപ്പിക്കുന്ന മേള സെപ്റ്റംബർ ആറിന് സമാപിക്കും.
മൂന്ന് സോണുകളായാണ് ഇത്തവണത്തെ പ്രദർശനം നടത്തുന്നത്. സോൺ എയിൽ ഫാൽക്കറിയുമായി ബന്ധപ്പെട്ട കരകൗശല വസ്തുക്കൾ, ക്യാമ്പിങ് ഉപകരണങ്ങൾ, ഫാൽക്കൺ ലേലം എന്നിവയാണുള്ളത്. സോൺ ബിയിൽ വേട്ടയ്ക്കുള്ള തോക്കുകളും ആയുധങ്ങളും സൂഖ് വാഖിഫ് ഫാൽക്കൺ ആശുപത്രിയുടെ പവിലിയനും ഉണ്ടാകും. വേട്ടയ്ക്കുള്ള ഓഫ്-റോഡ് വാഹനങ്ങളും ഉപകരണങ്ങളുമാണ് സോൺ സിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.