ഔട്ട്പാസ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ അനധികൃത താമസക്കാർ യുഎഇ വിട്ടില്ലെങ്കിൽ പിഴ ഈടക്കുമെന്ന് ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് കസ്റ്റംസ് ആന്റ് പോർട്സ് അതോറിറ്റി അറിയിച്ചു. നിയമലംഘനം നടത്തുന്നവർക്ക് പ്രതിദിനം 100 ദിർഹമാണ് പിഴയീടാക്കുക.
ഐസിപി ആപ് വഴിയാണ് ഔട്പാസിന് അപേക്ഷിക്കേണ്ടത്. കാലാവധി അവസാനിച്ച വിസയുമായി രാജ്യത്ത് തങ്ങുന്നവർ നിശ്ചിത പിഴ അടയ്ക്കുന്നതോടെ ഔട്പാസ് ലഭിക്കും. പെർമിറ്റ് നൽകിയ തിയതി മുതലാണ് 7 ദിവസം കണക്കാക്കുക. യുഎഇയിൽ ജനിച്ച കുട്ടികളുടെ വിസ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിലും ഔട്പാസ് അപേക്ഷ നൽകി സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടിവരും.
ആവശ്യമായ രേഖകൾക്കൊപ്പം അപേക്ഷ പൂരിപ്പിച്ച് ഫീസടയ്ക്കുന്ന രക്ഷിതാക്കൾക്ക് ഇ-മെയിൽ വഴി കുട്ടികളുടെ ഔട്പാസ് നൽകും. കുട്ടികളുടെ പാസ്പോർട്ടാണ് ഔട്പാസിന് പ്രധാനമായും പരിഗണിക്കുക. രേഖകൾ അപൂർണമാണെങ്കിൽ 30 ദിവസത്തിനകം അപേക്ഷ റദ്ദാക്കും. മൂന്ന് പ്രാവശ്യം അപേക്ഷ നിരസിച്ചാൽ പിന്നീട് പുതിയ ഫീസടച്ച ശേഷമേ അപേക്ഷിക്കാനാകൂ. അടച്ച ഫീസ് അപേക്ഷകന് ബാങ്ക് ചെക്കായും രാജ്യത്തിനകത്തുള്ള ധനവിനിമയ സ്ഥാപനങ്ങൾ വഴിയും തിരിച്ചുനൽകുകയും ചെയ്യും.