ഗൾഫ് മേഖലകളില്‍ പണപ്പെരുപ്പം നിയന്ത്രിക്കാനുളള നടപടികളുമായി ബാങ്കുകൾ രംഗത്ത്. നിക്ഷേപങ്ങൾക്കും വായ്പകൾക്കും പലിശ നിരക്ക് ഉയരും. ഫെഡറൽ റിസർവ് ബോർഡ് (IROB) റിസർവ് ബാലൻസുകളുടെ പലിശ 50 ബേസിസ് പോയിന്റ് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ഗൾഫ് മേഖലയിലെ നിരക്കുവര്‍ദ്ധനവ്.
ഓവർനൈറ്റ് ഡെപ്പോസിറ്റ് ഫെസിലിറ്റിക്ക് (ODF) ബാധകമായ അടിസ്ഥാന നിരക്ക് 50 ബേസിസ് പോയിന്റായി ഉയർത്താൻ യുഎഇ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. സെന്‍ട്രല്‍ ബാങ്കിന്‍റെ എല്ലാ സ്റ്റാൻഡിംഗ് ക്രെഡിറ്റ് സൗകര്യങ്ങളിലൂടെയും ഹ്രസ്വകാല വായ്പയെടുക്കുന്നതിനുള്ള നിരക്കും 50 ബേസിസ് പോയിന്‍റായി നിലനിർത്തും. പുതിയ നിരക്ക് മെയ് 5 വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും.
അതേസമയം ഖത്തർ സെൻട്രൽ ബാങ്ക് നിക്ഷേപ നിരക്ക് 50 ബേസിസ്
പോയിന്റുകൾ വര്‍ദ്ധിപ്പിച്ചു. വായ്പാ പലിശ നിരക്കും 25 ബേസിസ് പോയിന്റുകൾ ഉയർത്തി. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്താനും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ തീരുമാനമുണ്ട്. കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക് ഒാഫ് ഇന്ത്യ റിപ്പോ നിരക്കുകൾ വര്‍ദ്ധിപ്പിച്ചിരുന്നു.
ലോകവ്യാപകമായി പണപ്പെരുപ്പം റെക്കോര്‍ഡ് തലത്തിലേക്ക് നീങ്ങുന്നെന്ന റിപ്പോര്‍ട്ടുകളാണുളളത്. റഷ്യ – ഉക്രൈൻ സംഘർഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. പ്രാദേശികവും അന്തർദേശീയവുമായ സാമ്പത്തിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിരക്കുകളില്‍ മാറ്റം വരുത്തുന്നത്.