കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം 283 പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ടു. സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് നടപടി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് വിവിധ വകുപ്പുകളില്‍ ജോലി ചെയ്തിരുന്ന പ്രവാസി തൊഴിലാളികളെ ഒഴിവാക്കി സ്വദേശികളെ നിയമിച്ചത്.
ഇതോടെ മന്ത്രാലയത്തില്‍ ജോലിചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ ആകെ എണ്ണം 242 ആയി കുറഞ്ഞു. കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിദേശ തൊഴിലാളികൾക്ക് പകരം വിവിധ മേഖലകളിൽ യോഗ്യതയുള്ള കുവൈറ്റ് പൗരന്മാരെ നിയമിക്കുകയാണ് പ്രഖ്യാപിത ലക്ഷ്യമെന്ന് അധികൃതര്‍ കൂട്ടിച്ചേർത്തു.
സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതോടെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. കൂടാതെ പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും തദ്ദേശീയരുടെ മത്സരക്ഷമത വർധിപ്പിക്കാനും കഴിയുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുമേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പൂര്‍ത്തിയാവുന്നതോടെ അടുത്ത വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് വിദേശികള്‍ക്ക് തൊഴിൽ അവസരം നഷ്ടമാകും.