ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് ഇടിഞ്ഞു. ഒരു ദിർഹം നൽകിയാൽ 22.43 രൂപ മാത്രമാണ് ലഭിക്കുക. ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരെ 82.29 ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് 82.35 ആയി ഇടിയുകയായിരുന്നു.
അമേരിക്കൻ കറൻസി വിപണിയുടെ ശക്തിയും ഇന്ത്യൻ ഓഹരി വിപണിയിലെ നെഗറ്റീവ് പ്രവണതയുമാണ് വ്യാപാരത്തിലെ ഈ ഇടിവിന് കാരണമെന്നാണ് വിലയിരുത്തൽ. ചൊവ്വാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 82.25 എന്ന നിലയിലായിരുന്നു.
രൂപയുടെ മൂല്യം കുറഞ്ഞതോടെ ഇന്ത്യയിലേക്ക് പണമയക്കാൻ ഗൾഫിലെ മണി എക്സ്ചേഞ്ചുകളിൽ ഇന്ന് വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്. നാട്ടിൽ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ പണം ലഭിച്ചാൽ മതിയെങ്കിൽ അൽപം ഉയർന്ന നിരക്ക് പല എക്സ്ചേഞ്ചുകളും ഇപ്പോൾ നൽകാറുണ്ട്. എന്നാൽ അയയ്ക്കുന്ന ദിവസമോ അടുത്ത ദിവസമോ പണം നാട്ടിൽ കിട്ടണമെങ്കിൽ ഈ നിരക്ക് ലഭിക്കില്ല.