അജ്മാനിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇനി നാട്ടിലെത്താതെയും നിയമസഹായം നേടാം. പ്രവാസി ഇന്ത്യക്കാർക്ക് നിയമസഹായം നൽകുക എന്ന ലക്ഷ്യത്തോടെ കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി. ഉണ്ണികൃഷ്ണനും അജ്മാനിലെ ഷെയ്ഖ് സുൽത്താൻ ലീഗൽ കൺസൾട്ടൻസിയുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു.
കേസ് ഫയൽ ചെയ്യുന്നത് പരമാവധി 48 മണിക്കൂറിൽ പൂർത്തിയാക്കാൻ സാധിക്കും. ആവശ്യമായ രേഖകളുമായി ഷെയ്ഖ് സുൽത്താൻ ലീഗൽ കൺസൾട്ടൻസിയെ സമീപിച്ചാൽ മാത്രം മതി. കേസിന്റെ വക്കാലത്തുമായി ബന്ധപ്പെട്ട നടപടികൾ ഇന്ത്യയിൽ പോകാതെതന്നെ പ്രവാസികൾക്ക് പൂർത്തിയാക്കാൻ സാധിക്കും. അതിനാൽ കേസുമായി ബന്ധപ്പെട്ട യാത്രാബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പുതിയ സംവിധാനം ഉപകരിക്കുമെന്ന് സി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഷെയ്ഖ് സുൽത്താൻ ബിൻ നാസർ ബിൻ ഹുമൈദ് റാഷിദ് അൽ നുഐമി, ഷെയ്ഖ് സുൽത്താൻ ലീഗൽ കൺസൾട്ടൻസി സിഇഒ ഫാത്തിമ സുഹറ, ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.