മക്കയിൽ മലിനജലം ഒഴുക്കിയ ഇന്ത്യക്കാരന് 10 വർഷം തടവും 66.88 കോടി രൂപ (3 കോടി റിയാൽ) പിഴയും ചുമത്തി. പാരിസ്ഥിതിക നിയമങ്ങളുടെ ലംഘനം കണക്കിലെടുത്താണ് നടപടി. ശരിയായ രീതിയിൽ സംസ്കരിക്കപ്പെടാത്ത മലിനജലം പ്രാദേശിക ആവാസ വ്യവസ്ഥയ്ക്ക് ഗുരുതര ഭീഷണി സൃഷ്ടിക്കുന്നതായി സ്പെഷൽ ഫോഴ്സ് കണ്ടെത്തിയിരുന്നു.
മലിനജലം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാത്ത രീതിയിൽ മരുഭൂമിയിലേയ്ക്കാണ് ഒഴുക്കിവിട്ടത്. പ്രതിയുടെ കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. പാരിസ്ഥിതിക കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ വിധിക്കുന്ന സൗദിയിൽ മലിനജലമോ ദ്രാവക പദാർത്ഥങ്ങളോ
പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നവർക്ക് 3 കോടി റിയാൽ വരെ പിഴയോ 10 വർഷം വരെ തടവോ രണ്ടും ഒരുമിച്ചോ ആയിരിക്കും ശിക്ഷ വിധിക്കുക.
പരിസ്ഥിതി സുരക്ഷയുമായി ബന്ധപ്പെട്ട് അധികൃതർ രാജ്യത്ത് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മക്ക, റിയാദ്, ശർഖിയ എന്നിവിടങ്ങളിൽ നിന്നും 911 എന്ന നമ്പറിലും മറ്റു ഭാഗങ്ങളിൽ നിന്നും 999, 996 എന്നീ നമ്പറുകളിലും പൊതുജനങ്ങൾക്ക് അറിയിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.