ഖത്തർ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തിയുടെ ഇന്ത്യ സന്ദർശനത്തോടെ ഗതാഗത മേഖലകളിൽ ഇന്ത്യയും ഖത്തറും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ ധാരണയായി. സമുദ്ര ഗതാഗത മേഖലയിലുൾപ്പെടെ സഹകരിക്കാനാണ് ധാരണ.
ഔദ്യോഗിക സന്ദർശനത്തിനായി ന്യൂ ഡൽഹിയിലെത്തിയ ഗതാഗത മന്ത്രി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് മന്ത്രി നിതിൻ ജയ്‌റാം ഗഡ്കരി, കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ എന്നിവരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
കേന്ദ്ര ഗതാഗത മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗതാഗതവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, റോഡ് നിർമാണ ജോലികൾ, തുരങ്ക പാതകൾ എന്നീ മേഖലകളെക്കുറിച്ചും ചർച്ചകൾ നടന്നു. പരിസ്ഥിതി സൗഹൃദ ഗതാഗത സേവനങ്ങളുമായി ബന്ധപ്പെട്ട മേഖലകളിൽ പുതിയ സഹകരണത്തിന് തുടക്കമിടുന്നതും ചർച്ചയായി.