ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന കുവൈത്ത് സ്വദേശികൾക്കായി കുവൈത്തിലെ ഇന്ത്യൻ എംബസി മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ സംവിധാനം അവതരിപ്പിച്ചു. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വായ്കയാണ് ഇക്കാര്യം അറിയിച്ചത്. ടൂറിസ്റ്റ് വിസ, ബിസിനസുകാർക്കുള്ള വാണിജ്യ വിസ, വിദ്യാർത്ഥികൾക്കുള്ള പഠന വിസ, തൊഴിൽ വിസ എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക ആവശ്യങ്ങൾക്കായി ഇന്ത്യൻ എംബസി നിരവധി തരം വിസകൾ നൽകുന്നുണ്ട്. വിസ വേണ്ടവർ ആദ്യം ഓൺലൈൻ വഴി അപേക്ഷ നൽകണം.
ആറ് മാസത്തേക്ക് ഒന്നിലധികം തവണ ഇന്ത്യയിലേക്ക് സന്ദർശനം നടത്താൻ അനുവദിക്കുന്നതാണ് ഈ വിസ. വിസയുടെ സാധുത കാലയളവായ ആറ് മാസത്തേക്ക് ഇന്ത്യയിലേക്ക് നിരവധി തവണ യാത്രകൾ നടത്താൻ ഇതിലൂടെ സാധിക്കും. കൂടാതെ അയൽരാജ്യങ്ങളായ ദക്ഷിണേഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാനും, വിസാ കാലയളവിൽ തിരികെ വീണ്ടും ഇന്ത്യയിലേക്ക് നിരവധി തവണ പ്രവേശിക്കാനും സാധിക്കും.
ആവശ്യമായ രേഖകളും ഫീസും സഹിതം എംബസിയുടെ കോൺസുലാർ സേവന കേ്ദ്രങ്ങളിലും വിസ സെന്ററുകളിലും സമർപ്പിക്കണം. കുവൈത്തിൽ മൂന്ന് സ്ഥലങ്ങളിൽ ഇതിനുള്ള സൗകര്യമുണ്ട്. സാധാരണ നിലയിൽ കുവൈത്തികൾക്ക് ഒരു ദിവസത്തിനുള്ളിൽ വിസ അനുവദിക്കും.