ഇനി യാത്രക്ക് മുന്നോടിയായി ചെക്ക്-ഇൻ ചെയ്യാൻ മണിക്കൂറുകൾക്ക് മുമ്പ് വിമാനത്താവളത്തിൽ എത്തേണ്ട ആവശ്യമില്ല. വീടുകളിൽ നിന്ന് തന്നെ ചെക് ഇൻ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കും. ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ട് വഴി യാത്രചെയ്യുന്നവർക്കായാണ് ഹോം ചെക്ക്-ഇൻ, ബാഗേജ് ഡെലിവറി സേവനങ്ങൾ ആരംഭിച്ചത്. വീടുകളിൽ നിന്നുതന്നെ ബാഗുകൾ നൽകി ബോർഡിങ് കാർഡ് സ്വീകരിക്കാവുന്ന രീതിയിലാണ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഹലാ ബഹ്റൈൻ ഹോസ്പിറ്റാലിറ്റി സേവനങ്ങളുടെ ഭാഗമായാണ് പുതിയ സർവീസ് ആരംഭിച്ചത്. യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുക എന്നതാണ് അധികൃതർ ഇതുവഴി ലക്ഷ്യമിടുന്നത്. ഹോം ചെക്ക്-ഇൻ, ബാഗേജ് ഡെലിവറി സേവനങ്ങളിലൂടെ യാത്രക്കാർക്ക് ബഹ്റൈൻ എയർപോർട്ടിൽ നിന്ന് യാത്ര ചെയ്യുന്നതിന് മുൻപായി തങ്ങളുടെ താമസസ്ഥലങ്ങളിൽ നിന്ന് തന്നെ ചെക്ക്-ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും ബാഗേജുകൾ വിമാനത്താവളത്തിലേക്ക് മുൻകൂട്ടി എത്തിക്കുന്നതിനും സാധിക്കും.
യാത്രക്കാർക്ക് [email protected] എന്ന വിലാസത്തിൽ ഇ-മെയിൽ അയച്ച് സേവനം തിരഞ്ഞെടുക്കാൻ സാധിക്കും. യാത്രയ്ക്ക് പരമാവധി 30 ദിവസം മുൻപ് വരെയും വിമാനത്തിന്റെ സമയത്തിന് ചുരുങ്ങിയത് 12 മണിക്കൂർ മുമ്പ് വരെയും ഈ സേവനത്തിനായി അപേക്ഷിക്കാമെന്നും അധികൃതർ അറിയിച്ചു.