ചരിത്രത്തിലേക്ക് വിമാനം പറത്തി സൗദി വനിതകൾ. സൗദി റിയാദില്‍ നിന്നാണ് ഞായറാഴ്ച ചിറകുകൾ വിരിച്ച് വിമാനം ആകാശത്തേക്ക് പറന്നുയര്‍ന്നത്. പൈലറ്റും സഹ പൈലറ്റും ഉൾപ്പെടെ മുഴുവന്‍ വിമാന ജീവനക്കാരും വനിതകൾ. ഫ്ലെ അദീല്‍ എ- 320 വിമാനമാണ് പെണ്‍ കരുത്തില്‍ ചരിത്രത്തിലേക്ക് പറന്നത്.
ആകാശ ദൂരങ്ങൾ താണ്ടാന്‍ ആണ്‍കരുത്തിന്‍റെ തുണ വേണ്ടെന്ന് തെളിയിക്കുക കൂടിയായിരുന്നു ഏഴംഗ സംഘം. റിയാദില്‍ നിന്ന് നിശ്ചിത സമയംകൊണ്ട് വിമാനം ജിദ്ദ വിമാനത്താവളത്തിലിറങ്ങിയപ്പോൾ സൗദിയുടെ വ്യോമയാന ചരിത്രം പുതിയ അധ്യായം കുറിച്ചു.
സഹ പൈലറ്റിന്‍റെ റോളിലിരുന്ന് ചരിത്ര പേടകത്തെ നിയന്ത്രിക്കാനായതിന്‍റെ സന്തോഷം 21 കാരിയായ യാരാ ജാന്‍ പങ്കുവച്ചു. രാജ്യത്തെ മുന്നോട്ടു നയിക്കാനുളള ശ്രമത്തില്‍ സൗദി യുവതിയെന്ന നിലയില്‍ അഭിമാനമുണ്ടെന്നും യാര ജാന്‍ പ്രതികരിച്ചു. യു.എസിലെ ഫ്ലോറിഡയിലുള്ള ഫ്ലൈറ്റ് സ്കൂളിൽ നിന്ന് ബിരുദം നേടിയ യാര ജാൻ കഴിഞ്ഞ വര്‍ഷമാണ് സൗദി ഏവിയേഷന്‍റെ ഭാഗമായത്. അതേസമയം വിമാനത്തിന്‍റെ പൈലറ്റ് വിദേശ വനിതയായിരുന്നെന്നും ഏഴംഗ സംഘത്തിലെ ഭൂരിപക്ഷവും സൗദി വനിതകളായിരുന്നെന്നും ഫ്ളൈ അദീല്‍ കമ്പനി വ്യക്താവ് ഇഷ്കന്ദറാനി വ്യക്തമാക്കി.
2019ല്‍ സൗദി വനിതയായ യാസ്മീന്‍ അല്‍ മിയാംനി കോമേഴ്‌സ്യൽ പൈലറ്റ് ലൈസൻസോടെ വിമാനം പറത്തി ചരിത്രത്തില്‍ ഇടം നേടിയിരുന്നു. ഇവര്‍ക്ക് പിന്‍മുറക്കാരായി കൂടുതല്‍ സൗദി വനിതകൾ വ്യോമയാന രംഗത്തേക്ക് കടന്നുവരുന്നുണ്ടെന്ന് സൗദി അറേബ്യ സിവില്‍ ഏവിയേഷനും വ്യക്തമാക്കി. പത്ത് വര്‍ഷത്തിനകം സൗദിയിലെ വിമാന ഗതാഗതം മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിക്കാനാണ് നീക്കമെന്നും പുതിയ വിമാനത്താവളങ്ങൾ ഉൾപ്പടെ വന്‍കിട പദ്ധതികൾ നടപ്പാക്കുകയാണെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു.