മക്കയിലെ പുണ്യസ്ഥലങ്ങളിൽ ചൂട് തടയുന്ന കോട്ടിംഗ് പ്രയോഗിക്കാനുള്ള പദ്ധതി നടപ്പിലാക്കി സൗദി അധികൃതർ. ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് (GAR), മുനിസിപ്പൽ, റൂറൽ അഫയേഴ്സ്, ഹൗസിംഗ് മന്ത്രാലയത്തിന്റെയും നിരവധി ബന്ധപ്പെട്ട അധികാരികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തീർഥാടകർക്ക് അൽപ്പം വിശ്രമം നൽകുകയെന്ന ലക്ഷ്യത്തോടെ ജമാറാത്ത് കല്ലേറ് പ്രദേശത്ത് ഇതിനകം ഈ പരീക്ഷണം നടപ്പാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന വാർഷിക ഹജ്ജ് തീർത്ഥാടനത്തിൽ കടുത്ത വേനലായിരിക്കും. അതിനോട് അനുബന്ധിച്ചാണ് ദ്രുതഗതിയിൽ പരീക്ഷണം പൂർത്തിയാക്കുന്നത്.
പുണ്യസ്ഥലങ്ങളിലെ അസ്ഫാൽറ്റ് പ്രതലങ്ങളെ തണുപ്പിക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. മുനിസിപ്പാലിറ്റി, റൂറൽ അഫയേഴ്സ്, ഹൗസിംഗ് മന്ത്രാലയവുമായി സഹകരിച്ച് റിയാദ് മേഖലയിൽ മാസങ്ങൾക്ക് മുമ്പ് GAR ഈ സാങ്കേതികവിദ്യ പരീക്ഷിച്ചിരുന്നു. പകൽസമയത്ത് റോഡുകൾ ഊഷ്മാവ് ആഗിരണം ചെയ്യുന്നു, അതേസമയം റോഡിലെ താപനില ചിലപ്പോൾ 70 ഡിഗ്രി സെൽഷ്യസിൽ എത്തുന്നു എന്ന വസ്തുത കണക്കിലെടുത്താണ് ഈ പരീക്ഷണം നടത്തിയത്. രാത്രികാലങ്ങളിൽ റോഡുകൾ ശാസ്ത്രീയമായി ഈ ചൂട് പുറന്തള്ളുന്നു. ഊർജ്ജ ഉപഭോഗവും വായു മലിനീകരണവും വർദ്ധിപ്പിക്കുന്ന ‘ഹീറ്റ് ഐലൻഡ്’ എന്ന ശാസ്ത്രീയ പ്രതിഭാസമായാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ ടാറിങ് ഉള്ള ഭാഗത്ത് പ്രത്യേക മിശ്രിതം ഉപയോഗിച്ച് ചൂട് കുറയ്ക്കും. ഇതോടെ നടന്നെത്തുന്ന തീർഥാടർക്ക് വലിയ ചൂടേൽക്കില്ല. അന്തരീക്ഷം തണുപ്പിക്കാൻ സ്പ്രേകളും പ്രവർത്തിക്കുന്നതിനാൽ ചൂട് നിയന്ത്രിക്കാനാകും. ഹജ്ജ് ദിനങ്ങളിൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂടുണ്ടാവുക. എന്നാൽ ചൂടേൽക്കുന്ന നടപ്പാതകളുടെ താപനില 70 ഡിഗ്രി സെൽഷ്യസായി വരെ അനുഭവപ്പെടാറുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.