ഖത്തറിൽ ചൂട് അതിശക്തമാകുകയാണ്. വരും ദിവസങ്ങളിൽ പകൽ താപനില ഗണ്യമായി ഉയരുമെന്നാണ് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചത്. ഇന്ന് മുതൽ 39 ദിവസം പകൽ താപനില ഗണ്യമായി ഉയരുമെന്നും വേനൽക്കാലത്തിന്റെ തുടക്കമാണിതെന്നും അധികൃതർ വ്യക്തമാക്കി.
ഈ വാരാന്ത്യം പകൽ താപനില ശക്തമാകുമെന്ന് നേരത്തെ ഖത്തർ കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചിരുന്നു. ഇന്നും നാളെയും പകൽ കൂടിയ താപനില 41 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 30 ഡിഗ്രി സെൽഷ്യസുമായിരിക്കും. ഈ ആഴ്ചയിലെ ഏറ്റവും ചൂടേറിയ ദിനം നാളെ ആയിരിക്കുമെന്നും നാളെ കൂടിയ താപനില 43 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 30 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് റിപ്പോർട്ട്.
ഇന്നലെ തുറായന, ജുമൈല, മിഖായിൻസ്, കരാന എന്നിവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത്. 45 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടുത്തെ ചൂട്. അൽഖോർ, ഗുവെയ്‌രിയ, ഷഹാനിയ എന്നിവിടങ്ങളിൽ 44 ഡിഗ്രി സെൽഷ്യസും മിസൈമീർ, അബു സമ്ര എന്നിവിടങ്ങളിൽ 41 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അധികൃതർ വ്യക്തമാക്കി.
വർഷത്തിൽ ഏറ്റവും ഉയരത്തിൽ സൂര്യൻ എത്തുന്ന കാലമാണിത്. യഥാർത്ഥ വേനൽക്കാലത്തിൻ്റെ തുടക്കം മാത്രമല്ല വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിനം കൂടിയാണിത്. വേനൽക്കാല നക്ഷത്രങ്ങളായ അൽ തുറായ, അൽ ദബാറൻ, അൽ ഹഖ എന്നിവയെ ആകാശത്ത് ദൃശ്യമാകുന്ന കാലം കൂടിയാണിത്.