ഹജ്ജ് കർമ്മങ്ങൾക്കായി തീർത്ഥാടകർ ഇന്ന് മിനായിലേക്ക് നീങ്ങും. ആദ്യനാൾ തീർത്ഥാടകർ മിനായിലാണ് താമസിക്കുന്നത്. 25 ലക്ഷം ചതുരശ്രമീറ്ററിൽ പരന്നുകിടക്കുന്ന മിനാ താഴ്വരയിൽ രണ്ട് ലക്ഷത്തോളം തമ്പുകളാണ് തീർത്ഥാടകരെ വരവേൽക്കാൻ ഒരുക്കിയിരിക്കുന്നത്.
ഹജ്ജിന്റെ സുപ്രധാന കർമ്മങ്ങൾ നാളെയാണ് ആരംഭിക്കുക.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശങ്ങൾ അനുസരിച്ചാണ് സർക്കാർ, സ്വകാര്യ വകുപ്പുകളുമായി സഹകരിച്ച് ഹറമുകളിലും പുണ്യസ്ഥലങ്ങളിലും തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി തീർത്ഥാടകർക്ക് അനായാസമായി കർമ്മങ്ങൾ അനുഷ്ഠിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
മിനായിൽ ഇന്ത്യൻ ഹാജിമാർക്കുള്ള തമ്പുകൾ കിങ് അബ്ദുൽ അസീസ് പാലത്തിന് ഇരുവശവും ജൗഹറ റോഡിനും കിങ് ഫഹദ് റോഡിനും ഇടയിലുമാണ് ഒരുക്കിയിട്ടുള്ളത്. ചൊവ്വാഴ്ചയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. മിനായിൽ ഒരു ദിവസം തങ്ങിയ ശേഷമാണ് തീർത്ഥാടകർ അറഫയിലേക്ക് നീങ്ങുക.