ഹജ്ജ് തീർഥാടനത്തിനെത്തിയ വിദേശ വിശ്വാസികളുടെ മടക്കം ശനിയാഴ്ചയോടെ പൂര്‍ത്തിയാകും. തീർഥാടകരുടെ അവസാന സംഘത്തിന്റെ മടക്കം സുഗമമാക്കുന്നതിന് നടപടി പൂര്‍ത്തിയാക്കിയെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. തീര്‍ത്ഥാടകര്‍ക്ക് ശനിയാഴ്ച വരെയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
ഏകദേശം 9 ലക്ഷം വിദേശ തീര്‍ത്ഥാടകരാണ് ഈ വര്‍ഷം ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനെത്തിയത്. ഇതിനകം 95 ശതമാനം തീര്‍ത്ഥാടകരും സ്വദേശങ്ങളിലേക്ക് മടങ്ങിക്കഴിഞ്ഞു. തീർഥാടകരുടെ ചുമതലയുള്ള കമ്പനികളോട് പുറപ്പെടൽ ടൈംടേബിളുകൾ പാലിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം ഹജ്ജ് അവസാനിച്ചതിന് തൊട്ടുപിന്നാലെ പുതിയ ഉംറ സീസണ് ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം കൂടുതല്‍ വിശ്വാസികൾക്ക് അവസരമൊരുക്കാനാണ് നീക്കമെന്നും ഉംറ തീര്‍ത്ഥാടനത്തിന് നിരവധി വിശ്വാസികൾ എത്തുന്നുണ്ടെന്നും ഹജ്ജ് ഉമ്ര മന്ത്രാലയം വ്യക്തമാക്കി.