ഹജ്ജ് തീര്‍ത്ഥാടകര്‍ കോവിഡ് 19 വാക്സിനുകളുടെ എല്ലാ ഡോസുകളും പൂര്‍ത്തിയാക്കണമെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം. കോവിഡ് വാക്സിന് പുറമെ സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനും എടുക്കണമെന് മന്ത്രാലയം സ്ഥിരീകരിച്ചു. ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ആരോഗ്യ മാനദണ്ഡങ്ങളാണ് മന്ത്രാലയം പുറത്തുവിട്ടത്.
ഈ വര്‍ഷം കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്നും എല്ലാ പ്രായത്തിലുളളവര്‍ക്കും തീര്‍ത്ഥാടനത്തിന് അനുമതി നല്‍കുമെന്നും ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും കോവിഡ് വ്യാപനമുളളതിനാല്‍ പ്രതിരോധ വാക്സിന്‍ ഡോസുകൾ എടുത്തിരിക്കണമെന്നാണ് മന്ത്രാലയം വിശദമാക്കിയത്.
വിട്ടുമാറാത്ത ഗുരുതര രോഗങ്ങളോ ഏതെങ്കിലും പകര്‍ച്ചവ്യാധികളോ ഉള്ളവര്‍ക്ക് തീര്‍ത്ഥാടത്തിന് അനുമതി ഉണ്ടായിരിക്കില്ലെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. സൗദിയില്‍ അംഗീകാരമുള്ള വാക്‌സിനുകള്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നാണ് പ്രാഥമിക നിഗമനം.നുസുക് ആപ്പിലൂടെ രജിസ്ട്രേഷനും വേണമെന്നാണ് നിബന്ധന. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ നിര്‍ദ്ദേശങ്ങൾ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകൾ.