അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നു. യുഎഇയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഇത്തിഹാദ് റെയില്‍ മറ്റ് ഗൾഫ് രാജ്യങ്ങളും ഏറ്റെടുക്കാനൊരുങ്ങുന്നെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതോടെ വിഭാവനം ചെയ്തിട്ടും കാലതാമസം നേരിട്ട ജിസിസി റെയില്‍ നെറ്റ് വര്‍ക്കിനാണ് പുതുജീവന്‍ ലഭിക്കുന്നത്.
ഗൾഫ് മേഖലയുടെ സ്വപ്ന പദ്ധതികളിലൊന്നാണ് ജിസിസി റയില്‍പാത. ഓരോ രാജ്യങ്ങളും നിര്‍മ്മിക്കുന്ന റെയില്‍ പാതയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2177 കിലോമീറ്റര്‍ നീളമുളള പാത അറബ് രാജ്യങ്ങളിലെ പ്രധാന നഗരങ്ങളേയും തുറമുഖങ്ങളേയും ബന്ധിപ്പിക്കുന്നതാണ്. ഗതാഗത തൊഴില്‍ മേഖലയില്‍ വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന പദ്ധതിയാണിത്.
പദ്ധതിയുടെ ഭാഗമായ പ്രധാന രാജ്യങ്ങൾ നേരത്തെ രൂപരേഖ തയ്യാറാക്കിയിരുന്നു. 2018ല്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ വൈകുകയായിരുന്നു. എന്നാല്‍ യുഎഇയില്‍ പദ്ധതിയുടെ ഭാഗമായ ഇത്തിഹാദ് റെയില്‍ നിര്‍മ്മാണം വിവിധ ഘട്ടങ്ങൾ പിന്നിട്ടുകഴിഞ്ഞു. പദ്ധതിയുടെ ഭാഗമായ റെയില്‍വേ ലൈനിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങൾ ഉടന്‍ ആരംഭിക്കുമെന്ന് ഒമാനും അറിയിച്ചിട്ടുണ്ട്.
നേരത്തെ ജിസിസി ഉച്ചകോടിയിലും പദ്ധതി ചര്‍ച്ചാ വിഷയമായിരുന്നു. പ്രധാന ജിസിസി രാജ്യങ്ങൾക്ക് പുറമെ ഇറാഖിലേക്കും തുര്‍ക്കിയിലേക്കും ജോര്‍ദ്ദാനിലേക്കും മറ്റും പദ്ധതി വ്യാപിപ്പിക്കാനും സൗകര്യമുണ്ട്. ചരക്കുനീക്കവും യാത്രാസൗകര്യവും വിപുലപ്പെടുത്തുക, ഊര്‍ജ്ജ വിതരണം – അടിസ്ഥാനസൗകര്യ വികസനം എന്നിവയില്‍ പുതിയ ചരിത്രം എഴുതുക എന്നതാണ് സ്വപ്ന പദ്ധതിയുടെ ലക്ഷ്യമെന്ന് ഊര്‍ജ – അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈല്‍ അല്‍ മസൂറി വ്യക്തമാക്കി. പാതഏറ്റവും കൂടുതല്‍ ദൂരം കടന്നുപോകുന്നത് യുഎഇയിലൂടെയാണ്. ഏറ്റവും കുറവ് ബഹ്റൈനിലും.