കുവൈത്ത് പൗരന്മാർക്ക് ഷെങ്കൺ വിസ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. യൂറോപ്യൻ അംബാസഡർമാർ, നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാർ എന്നിവർക്കായി സംഘടിപ്പിച്ച വിരുന്നിൽവെച്ച് വിദേശകാര്യ മന്ത്രി ശൈഖ് സാലം അബ്ദുല്ല അസബാഹാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
നിലവിൽ കുവൈത്ത് പൗരന്മാർ യൂറോപ്പ് യാത്രകൾക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അതിനാൽ ഷെങ്കൺ വിസ ലഭിക്കുന്നതിനുള്ള പേപ്പർ ജോലികൾ വേഗത്തിലാക്കാനും അപേക്ഷാ നടപടിക്രമങ്ങൾ സുഗമമാക്കാനും ശൈഖ് സലം യൂറോപ്യൻ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു.
യൂറോപ്യൻ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം, യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വിസയാണ് ഷെങ്കൻ വിസ. ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ഡെൻമാർക്ക്, ഓസ്ട്രിയ, ബെൽജിയം, ക്രൊയേഷ്യ, സ്വിറ്റ്സർലൻഡ്, നേർവെ, അയർലൻഡ്, പോർച്ചുഗൽ, ചെക് റിപ്പബ്ലിക്ക, ഗ്രീസ്, എസ്റ്റോണിയ, ഫിൻലൻഡ്, ഐസ്ലൻഡ്, ലാത്വിയ, ലിച്ചൻസ്റ്റൈൻ, ലിത്വാനിയ, മാൾട്ട തുടങ്ങി 27 രാജ്യങ്ങളിലാണ് ഷെങ്കൻ വിസ നിലവിലുള്ളത്.