ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവാചകങ്ങളും വിവരങ്ങളും ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ വിപണനം ചെയ്തിന് ഒരു ഭക്ഷ്യ വ്യാപാര കമ്പനിക്ക് പിഴ ചുമത്തി സൗദി വാണിജ്യ മന്ത്രാലയം.പ്രതിസ്ഥാനത്ത് നിൽക്കുന്ന സ്ഥാപനത്തെയും അതിന്റെ ബ്രാഞ്ച് മാനേജരെയും വാണിജ്യ വഞ്ചന വിരുദ്ധ നിയമം ലംഘിച്ചതിനാണ് ശിക്ഷ ചുമത്തിയത്. മന്ത്രാലയം നടത്തിയ വ്യപക പരിശോധനാ സമയത്താണ് കൗണ്ടറുകളിൽ യഥാർത്ഥ വിലയേക്കാൾ കുറഞ്ഞ വിലയിൽ സ്റ്റോർ ഒരു ജ്യൂസ് ഉൽപ്പന്നം വാഗ്ദാനം ചെയ്യുകയും വിപണനം ചെയ്യുകയും ചെയ്യുന്നതായും കണ്ടെത്തിയത്. ഇത് വഞ്ചനയായും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവൃത്തിയായും കണക്കാക്കപ്പെടുന്നു.
പിഴ ചുമത്തുക, സ്ഥാപനം അഞ്ച് ദിവസത്തേക്ക് അടച്ചുപൂട്ടുക, നിയമലംഘനം നടത്തിയ പരസ്യം നീക്കം ചെയ്യുക, നിയമലംഘകരുടെ ചെലവിൽ കോടതി വിധി പത്രത്തിൽ പ്രസിദ്ധീകരിക്കുക എന്നിവ ഉൾപ്പെടുന്ന ദമാം ക്രിമിനൽ കോടതി പുറപ്പെടുവിച്ച ജുഡീഷ്യൽ വിധി മന്ത്രാലയം പ്രസിദ്ധീകരിച്ചു.
വാണിജ്യ വഞ്ചന വിരുദ്ധ നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ പിഴ ചുമത്തുമെന്നും അവർക്കെതിരെ നിയമപരമായ പിഴകൾ പ്രയോഗിക്കുമെന്നും മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. 3 വർഷം വരെ തടവ് ശിക്ഷയും 1 ദശലക്ഷം റിയാൽ വരെ സാമ്പത്തിക പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇത്തരത്തിലുള്ള പരാതികൾ ബലാഗ് തിജാരി ആപ്ലിക്കേഷൻ വഴിയോ കോൾ സെന്റർ നമ്പർ 1900 വഴിയോ റിപ്പോർട്ട് ചെയ്യാൻ ഉപഭോക്താക്കളോട് അധികൃതർ അഭ്യർത്ഥിച്ചു